യുഎയിൽ അണുനശീകരണ സമയം മാറ്റി

ദുബൈ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദേശീയ അണുനശീകരണ യജ്ഞം രാത്രി 8 മുതൽ രാവിലെ 6 വരെയാക്കി പുനഃക്രമീകരിച്ചു. ഈ മാസം 20 (റമസാൻ 27) മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതായിരിക്കും സമയം.
പെരുന്നാൾ(ഈദുൽ ഫിത്ർ) പ്രമാണിച്ചാണ് പുതിയ തീരുമാനം. മാസപ്പിറവി കാണുന്നതതിനനുസരിച്ച് ഈ മാസം 23നോ 24നോ ആയിരിക്കും പെരുന്നാൾ. പെരുന്നാൾ അവധി ദിനങ്ങളിൽ മാളുകൾ രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ തുറന്നുപ്രവർത്തിക്കും. എല്ലാ സുരക്ഷാ ക്രമീകരണങ്ങൾക്കും അധികൃതർ ഉറപ്പാക്കും. പെരുന്നാളിന് ശേഷം മാളുകളുകളുടെയും ഷോപ്പിങ് സെൻ്ററുകളുടെയും സമയം വീണ്ടും പ്രഖ്യാപിക്കുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇപ്രാവശ്യത്തെ പെരുന്നാൾ നമസ്കാരം എല്ലാവരും അവരവരുടെ വീടുകളിൽ നിർവഹിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പള്ളികളും മറ്റു ആരാധനാലയങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞുതന്നെ കിടക്കും.
ഭക്ഷണശാലകൾ, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറി, സൂപ്പർമാർക്കറ്റ്, ഫാർമസി തുടങ്ങിയവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുവാദം തുടരും. അണുനശീകരണ നിയന്ത്രണങ്ങളിൽ നിന്ന് ഇവയെ ഒഴിവാക്കിയിരിക്കുന്നു. മാംസം, പഴം–പച്ചക്കറി കടകൾ, കശാപ്പുശാല, മത്സ്യവിൽപന കേന്ദ്രം, മില്ലുകൾ, മധുരപലഹാരം കടകൾ തുടങ്ങിയവ രാവിലെ 6 മുതൽ രാത്രി 8 വരെ തുറന്നുപ്രവർത്തിക്കും.