ക്ലീൻസിങ് ഓപ്പറേഷനിലൂടെ ദുബായ് പോലീസ് പിടികൂടിയത് 59 കിലോ ഗ്രാം ലഹരിമരുന്ന്


ദുബായ്: കോവിഡ് 19 സുരക്ഷാ മുൻകരുതൽ നടപടികൾ മുതലെടുത്ത് യുഎഇയിലേയ്ക്ക് കടത്താൻ ശ്രമിച്ച 59 കിലോ ഗ്രാം ലഹരിമരുന്നു ‘വെടിപ്പാക്കൽ ( തദീൽ അഥവാ ക്ലീൻസിങ്) ഓപ്പറേഷനി’ലൂടെ ദുബായ് പോലീസ് പിടികൂടി. നാലംഗ ഏഷ്യൻ സംഘത്തെ അറസ്റ്റ് ചെയ്തു. 26 കിലോ ഗ്രാം ഹെറോയിനും 33 കിലോ ഗ്രാം ദ്രാവക രൂപത്തിലുള്ള ലഹരിമരുന്നുമാണ് പിടികൂടിയത്.

വൻ ആസൂത്രണത്തിലൂടെയാണ് സംഘം ലഹരിമരുന്ന് വ്യാപാരത്തിന് പരിപാടിയിട്ടത്. നാലംഗ സംഘത്തെക്കുറിച്ച് രഹസ്യ സൂചന ലഭിച്ചതനുസരിച്ച് പൊലീസ് ക്ലീൻസിങ് ഓപ്പറേഷൻ സംഘത്തെ രൂപീകരിക്കുകയായിരുന്നു. 12 ദിവസത്തോളം സംഘത്തിന്റെ രാത്രികാലത്തെ വാഹനത്തിലൂടെയുള്ള സഞ്ചാരം പൊലീസ് നിരീക്ഷിച്ചു. ഒടുവിൽ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.


സംഘത്തലവനെയും സഹായിയെയും വഴിയിലും മറ്റു രണ്ടുപേരെ അവരുടെ താമസ സ്ഥലത്തിനടുത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. തന്ത്രപരമായ നീക്കത്തിലൂടെ സംഘത്തെ വലയിലാക്കാൻ സാധിച്ചത് ദുബായ് പൊലീസിന്റെ കഴിവിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗനിർദേശങ്ങളുടെ വിജയം കൂടിയാണെന്ന് കൂട്ടിച്ചേർത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻ‍സൂരിക്കും മറ്റു ഉദ്യോഗസ്ഥർക്കും അൽ മർറി നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed