ലോകത്തിലേറ്റവും ഗതാഗതത്തിരക്ക് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും

അബുദാബി: ലോകത്തിലേറ്റവും ഗതാഗതത്തിരക്ക് കുറഞ്ഞ നഗരങ്ങളിലൊന്നായി അബുദാബിയെ ടോം ടോം ട്രാഫിക് ഇൻഡക്സ് തിരഞ്ഞെടുത്തു. 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ നടത്തിയ പഠനങ്ങളിൽനിന്നാണ് അബുദാബി പട്ടികയിൽ ആദ്യസ്ഥാനങ്ങളിലൊന്നിൽ എത്തിയത്. പട്ടികയിൽ 410−ാമതായുള്ള അബുദാബി നഗരത്തിലെ ഗതാഗതത്തിരക്ക് പത്തുശതമാനം മാത്രമാണ്. കഴിഞ്ഞവർഷത്തേക്കാൾ ഒരു ശതമാനം തിരക്ക് ഇവിടെ കുറഞ്ഞതായും കണ്ടെത്തി.
ദുബായ് നഗരം പട്ടികയിൽ 265−ാമതാണ്. യു.എസിലെ ഗ്രീൻസ്ബോറോ നഗരമാണ് ഏറ്റവും തിരക്ക് കുറഞ്ഞത്. തിരക്കേറിയ നഗരങ്ങളിൽ ആദ്യസ്ഥാനത്തുള്ളത് ബെംഗളൂരാണ്. 71 ശതമാനമാണ് ഇവിടെ ഗതാഗതക്കുരുക്ക്. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില, കൊളംബിയയിലെ ബൊഗോട്ട, മുംബൈ എന്നിവയാണ് തിരക്കേറിയ മറ്റ് നഗരങ്ങൾ.