ചൈനയിൽ വിദേശികളും ഭീതിയിൽ; കൊറോണ ബാധിച്ച യുഎസ്, ജാപ്പനീസ് പൗരന്മാർ മരിച്ചു

ബെയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് വിദേശിയുടെ മരണവും റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് ചൈനയിൽ കൊറോണ മൂലം വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന യുഎസ് അറുപതുകാരനായ യുഎസ് പൗരനാണ് മരിച്ചത്. ഇത് യുഎസ് എംബസി സ്ഥിരീകരിച്ചു. വുഹാനിൽത്തന്നെയുള്ള ജപ്പാൻ പൗരനായ അറുപതുകാരനും മരിച്ചിട്ടുണ്ട്. പക്ഷേ ഇത് കൊറോണ ബാധിച്ചാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കടുത്ത ന്യുമോണിയ ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. അതിനാൽ കൊറോണ ബാധയേറ്റോ എന്നറിയുക ദുഷ്കരമാണെന്നും അധികൃതർ വ്യക്തമാക്കി. കൊറോണയാണ് മരണ കാരണമെന്നു വ്യക്തമായാൽ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ജപ്പാൻകാരനാകും ഇയാൾ.
അമേരിക്കക്കാരന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 723 ആയി. ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഒരോ മരണം കൂടി കണക്കാക്കിയാൽ ആകെ മരിച്ചവരുടെ എണ്ണം 725 ആയി. 3399 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 34,000 കടന്നു.
ചൈനയിൽ 19 വിദേശികൾക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാൻ തീരത്തെ ക്രൂസ് കപ്പലിൽ 41 പേർക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാർസിനു തുല്യമായ ജാഗ്രത സിംഗപ്പൂർ പ്രഖ്യാപിച്ചപ്പോൾ ചൈനീസ് യാത്രക്കാരെ വിലക്കി തായ്‌ലൻഡ് ഉത്തരവിറക്കി.