യു.എ.ഇ. മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസയ്ക്കായുള്ള അപേക്ഷ വിദേശത്തു നിന്ന് സ്വീകരിക്കും
അബുദാബി: ആറ് മാസത്തെ യു.എ.ഇ. മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസയ്ക്കായുള്ള അപേക്ഷ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ ചാനൽ സംവിധാനത്തിലൂടെയാണ് വിസ സ്വീകരിക്കുകയെന്ന് യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.ആറുമാസ വിസാകാലാവധി സമയത്ത് തന്നെ രാജ്യത്തിന് പുറത്ത് പോയി വരാനും നിക്ഷേപ, സംരംഭമടക്കമുള്ളവയ്ക്കായുള്ള ദീർഘകാല വിസ നടപടിക്രമങ്ങൾ നടത്താനും ഇതിലൂടെ സാധിക്കും.
യു.എ.ഇ. ഗവൺമെന്റ് ഈയിടെ പ്രഖ്യാപിച്ച സ്പോൺസർ ആവശ്യമില്ലാത്ത, അഞ്ച് വർഷത്തെയും പത്ത് വർഷത്തെയും ദീർഘകാല വിസയെടുക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുക. ആറുമാസം കഴിഞ്ഞാൽ ദീർഘകാല വിസയിലേക്ക് മാറാനും പുതുക്കാനും ഇതിലൂടെ കഴിയും. നിക്ഷേപകർക്കും സംരംഭകർക്കും പ്രതിഭാധനരായ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമായ വിസയാണിത്.

