വടക്കൻ എമിറേറ്റുകളുടെ വികസനത്തിന് 1100 കോടി ദിർഹം അനുവദിച്ചു

വടക്കൻ എമിറേറ്റുകളിൽ റോഡുകൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി 1100 കോടി ദിർഹം അനുവദിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വികസന പദ്ധതികൾ നേരിട്ടുകണ്ട് വിലയിരുത്തി. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും പഴയ റോഡുകളിലൊന്നായ അൽ ഇത്തിഹാദ് റോഡിന്റെ 100 കോടി ദിർഹം ചെലവ് വരുന്ന വികസന പദ്ധതിക്ക് ശൈഖ് മുഹമ്മദ് അംഗീകാരം നൽകി. അജ്മാൻ, ഉമ്മൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളും അദ്ദേഹം സന്ദർശിച്ചു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അടിസ്ഥാന സൗകര്യവികസനം നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം മുന്നോട്ട് വെക്കുന്ന സുസ്ഥിരവികസനമെന്ന കാഴ്ചപ്പാട് പൂർത്തിയാക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.