ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിൽ 15% വർദ്ധന

ദുബൈ : ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പണം അയയ്ക്കുന്നതിൽ രണ്ടു മാസത്തിനിടെ 15 ശതമാനത്തോളം വർദ്ധന. ഇനിയും ഇതു കൂടുമെന്നാണ് സൂചനകളെന്നും എക്സ്ചേഞ്ച് കേന്ദ്രങ്ങൾ അറിയിച്ചു. രൂപ ദുർബലമായി തുടരുന്ന സാഹചര്യത്തിലാണ് പണമയക്കുന്നത് വർദ്ധിച്ചത്. വർഷാവസാനത്തോടെ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയാൽ രൂപ വീണ്ടും ദുർബലമാകാമെന്നു വിദഗ്ദ്ധർ പറയുന്നു.
ആർ.ബി.ഐയുടെ കാര്യമായ ഇടപെടലോ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളോ ഉണ്ടായില്ലെങ്കിൽ വിനിമയനിരക്ക് അപ്പോൾ വീണ്ടും ഉയർന്നേക്കും. യു.എ.ഇ ദിർഹം– 18.69 രൂപ (18.72 വരെ ഇടയ്ക്ക് എത്തി), കുവൈത്ത് ദിനാർ– 227.40 രൂപ, ഖത്തർ റിയാൽ– 18.71 രൂപ, സൗദി റിയാൽ– 18.01 രൂപ, ഒമാൻ റിയാൽ– 178.40 രൂപ, ബഹ്റൈൻ ദിനാർ– 181 രൂപ എന്നിങ്ങനെയായിരുന്നു ഇന്നലെ വൈകിട്ടത്തെ നിരക്ക്.
ഈ വർഷം ആദ്യ ആറുമാസത്തിനിടെ വർദ്ധന രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളിലാണ് ഇന്ത്യയിലേക്കു പണമയയ്ക്കുന്നതിന്റെ തോതു വീണ്ടും കൂടിയതെന്ന് യുഎഇ എക്സ്ചേഞ്ച് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ഇന്ധനവില ഉയരുന്നതും അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര മത്സരവും വിനിമയനിരക്കിനെ ബാധിക്കുന്നു.
ഈ നില തുടർന്നാൽ യു.എ.ഇ ദിർഹത്തിന് 20 രൂപവരെ ലഭിക്കുമെന്നു ചിലർ പറയുന്നുണ്ടെങ്കിലും അത്രയും എത്തില്ലെന്നാണ് പൊതു അഭിപ്രായം. എന്നാൽ ഇപ്പോഴത്തെ നില തുടരുമെന്നും സമീപകാലത്ത് നിരക്ക് വളരെയേറെ താഴാൻ സാധ്യതയില്ലെന്നുമുള്ള വിലയിരുത്തലിൽ തർക്കമില്ല. ജനുവരിയിൽ ഒരു ദിർഹത്തിന് ശരാശരി 17.28 രൂപ ആയിരുന്നതാണ് ജൂൺ അവസാനത്തോടെ 18.60 ആയത്. കഴിഞ്ഞ ആറുമാസത്തിനിടെ വർദ്ധന 6.1%.
കഴിഞ്ഞവർഷം വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയച്ചത് 6900 കോടി ഡോളറാണ്. 2016 ലെക്കാൾ 9.5% കൂടുതൽ. 1991ൽ 300 കോടിയായിരുന്നതാണ് 2017ൽ 22 ഇരട്ടി വർദ്ധിച്ചത്. ചൈന, ഫിലിപ്പീൻസ്, മെക്സിക്കോ, നൈജീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് പ്രവാസിപ്പണത്തിൽ ഇന്ത്യയ്ക്കു പിന്നിലുള്ളത്.