കാർ മോഷണം : ദുബൈയിൽ സ്വദേശി യുവാക്കൾ പിടിയിൽ

ദുബൈ : കാർ വാങ്ങാനെന്ന വ്യാജേനയെത്തി ഉടമസ്ഥനെ കബളിപ്പിച്ച് കീ കരസ്ഥമാക്കി വണ്ടി മോഷ്ടിച്ച രണ്ട് അറബ് വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ലാൻഡ് ക്രൂസർ വിൽക്കാനുണ്ടെന്നു കാണിച്ചു കാറിന്റെ ഉടമസ്ഥൻ ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ടാണ് ഇരുവരും കാർ വാങ്ങാനെന്ന വ്യാജേന ഉടമസ്ഥനുമായി ടെലഫോണിൽ ബന്ധപ്പെടുന്നത്.
തുടർന്ന് പലതവണ ഇവർ ഉടമസ്ഥനെ വിളിക്കുകയും കാർ വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഉടമസ്ഥനെ പൂർണമായി വിശ്വാസത്തിലെടുത്ത ശേഷമാണ് ഇവർ അയാളുടെ അടുത്ത് നേരിട്ടെത്തിയത്. കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരക്കുകയും വിലസംബന്ധിച്ചു തർക്കിക്കുകയും ചെയ്ത് യഥാർഥത്തിൽ കാർ വാങ്ങാൻ എത്തിയവരാണെന്ന് ഉടമയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടുമെത്തി വണ്ടിയോടിച്ചു നോക്കാൻ കീ ആവശ്യപ്പെട്ടു. ഇവരെ വിശ്വസിച്ച കാറുടമ യാതൊരു സംശയം തോന്നാതെ തന്റെ കൈവശം ഉള്ള സ്പെയർ കീ കൈമാറി. എന്നാൽ തിരികെ കാർ നൽകിയപ്പോൾ ഡ്യൂപ്ലിക്കേറ്റ് താക്കോലാണ് തിരികെ ഇവർ നൽകിയത്. എന്നാൽ ഇക്കാര്യം ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
അന്നു രാത്രി തന്നെ ഇവർ കാറുടമയുടെ വീട്ടിലെത്തി കാറുമായി കടന്നുകളയുകയായിരുന്നു. അയൽരാജ്യത്തേക്കു വണ്ടി കടത്താനുള്ള ശ്രമം നടക്കുന്നതിനിടെ ഇരുവരും പൊലീസ് പിടിയിലായി. കാർ നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടൻ ഉടമ പൊലീസിൽ വിവരം അറിയിക്കുകയും അവർ വ്യാപക തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
മോഷ്ടാക്കളിൽ ഒരാൾ കുറ്റം സമ്മതിച്ചു. അതേസമയം, മറ്റേയാൾ കുറ്റം നിഷേധിച്ചു. താൻ കാർ ഓടിച്ചു നോക്കാൻ കൂടെ പോയിരുന്നു എന്നതു സത്യമാണെന്നും കൂട്ടുകാരൻ കാർ മോഷ്ടിച്ചോ എന്നറിയില്ലെന്നുമാണു പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ദുുബൈ പോലീസ് അറിയിച്ചു.