കുവൈത്തിൽ കനത്ത പൊടിയും ചൂടും

കുവൈത്ത് സിറ്റി : കുവൈത്തിൽ കനത്ത പൊടിയും കടുത്ത ചൂടും. ഇന്നലെ ഉച്ചയോടെയാണു രാജ്യം പൊടിയിൽ മുങ്ങിയത്. രാത്രിയും പൊടി തുടർന്നു. പകൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെയായി. 33 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാത്രി താപനില. വിമാനത്താവള പരിസരത്തു ദൂരക്കാഴ്ച പരിധി കുറഞ്ഞ സാഹചര്യത്തിൽ ഉച്ചയ്ക്ക് ഏതാനും സമയം വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും താമസിച്ചു.
എന്നാൽ സർവീസ് റദ്ദാക്കുകയോ വിമാനം തിരിച്ചുവിടുകയോ ചെയ്യേണ്ടിവന്നില്ല. അധികം താമസിയാതെ സർവ്വീസു കൾ സാധാരണഗതി യിലായി. പെരുന്നാൾ അവധിയുടെ തുടർച്ചയായി പാർക്കുകളിലും മറ്റും ഉല്ലാസ പരിപാടികൾ ആസൂത്രണം ചെയ്തവർ പൊടിക്കാറ്റു കാരണം പ്രയാസത്തിലായി.
കാലാവസ്ഥയിലെ മാറ്റത്തിൽ മുൻകരുതൽ വേണമെന്ന് ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പു നൽകി. ദൂരക്കാഴ്ച പരിധി കുറവായതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ടായി.
പൊടിയും കാറ്റും നിറഞ്ഞ കാലാവസ്ഥ തിങ്കളാഴ്ചയും തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പകൽ താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എട്ടുമുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. കടലിൽ ഒന്നുമുത ൽ നാലടിവരെ ഉയരത്തിൽ വേലിയേറ്റമുണ്ടാകും.