സഖ്യസേനാ നീക്കം ജനസുരക്ഷ ഉറപ്പാക്കാൻ വേണ്ടിയെന്ന് യു.എ.ഇ

അബുദാബി : ഹുദൈദയിൽ സഖ്യസേന നടത്തിയ നീക്കങ്ങൾ സാധാരണക്കാരായ ജനങ്ങളെ രക്ഷിക്കാനാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ്. തീവ്രവാദികളുടെ നിയന്ത്രണത്തിൽനിന്നു മോചനം നേടാൻ അവർ ആഗ്രഹിക്കുന്നു. യെമൻ പ്രതിസന്ധിക്കു വേഗത്തിൽ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടു വ്യക്തമാക്കി.
ശത്രുക്കളോടെന്ന പോലെയാണ് ഹൂതികൾ സാധാരണക്കാരോടു പെരുമാറുന്നത്. മാരക ആയുധങ്ങളും കുഴിബോംബുകളും ഗ്രാമീണ മേഖലകളിൽ സ്ഥാപിക്കുന്നതു ജനജീവിതത്തിനു വൻ ഭീഷണിയാണ്. ഹുദൈദ തുറമുഖത്ത് കപ്പലുകൾ അടുക്കുന്നുണ്ട്. തുറമുഖത്തിന്റെ പ്രവർത്തനം സുഗമമാകുന്നതോടെ കൂടുതൽ ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കാനാകും. ദുരിതബാധിത മേഖലകളിൽ അടിയന്തര സഹായമെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മരുന്നുകളും ഭക്ഷ്യസാധനങ്ങളുമായി പത്തു കപ്പലുകൾ ഹുദൈദയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അറബ് മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള ഇറാന്റെ നീക്കങ്ങൾ തടയും. കടൽമാർഗമുള്ള ചരക്കു നീക്കത്തിനും തീവ്രവാദികൾ ഭീഷണിയാണ്. യു.എൻ മേൽനോട്ടത്തിൽ യെമൻ പ്രതിസന്ധിക്കു ശാശ്വതപരിഹാരം കാണുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
അതേസമയം യെമനിൽ ഹൂതി ശക്തികേന്ദ്രങ്ങൾ തകർത്ത് യു.എ.ഇ പങ്കാളിത്തമുള്ള അറബ് സഖ്യസേന മുന്നേറ്റം തുടരുന്നു. കൂടുതൽ മേഖലകൾ സഖ്യസേനയുടെ നിയന്ത്രണത്തിലായി. ഹൂതി പോർമുനകളും ആയുധ സംഭരണകേന്ദ്രങ്ങളും തകർത്ത സഖ്യസേനയുടെ നീക്കങ്ങളിൽ തീവ്രവാദികളുടെ ഭാഗത്തു കനത്ത ആൾനാശമുണ്ടായതായാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ തൈസിൽ സഖ്യസേന മുന്നേറ്റം തുടരുകയാണ്. ദാർഖാസിം, ഇസില, നുബ മേഖലകളും മഖ്ബന ജില്ലയിലെ അൽ ഹജർ ഗ്രാമം ഉൾപ്പെടെയുള്ള പ്രദേശങ്ങളും മോചിപ്പിച്ചു.
ശക്തമായ ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ പല മേഖലകളിൽനിന്നും പിൻവാങ്ങുകയാണെന്നാണ് രാജ്യാന്തര ഏജൻസികളുടെ റിപ്പോർട്ട്. പോർവിമാനങ്ങളുടെ ആക്രമണത്തിൽ വലിയതോതിൽ ആയുധശേഖരം നശിക്കുകയും ഇവ ലഭ്യമാക്കാനുള്ള വഴികൾ അടയുകയും ചെയ്തതു തീവ്രവാദികൾക്ക് വൻതിരിച്ചടിയായി.
ശക്തിചോർന്ന മേഖലകളിലെല്ലാം കുഴിബോംബുകൾ പാകിയാണ് തീവ്രവാദികളുടെ പിൻമാറ്റം. ഇവയെല്ലാം സഖ്യസേന നിർവീര്യമാക്കി. അതേസമയം, 2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലായിരുന്ന ഹുദൈദ തുറമുഖനഗരത്തിൽ ആധിപത്യം സ്ഥാപിക്കാനായത് സഖ്യസേനയ്ക്കു വൻനേട്ടമായി. ഇവിടത്തെ വിമാനത്താവളം സഖ്യസേന മോചിപ്പിച്ചു. ഇവിടം കേന്ദ്രമാക്കിയായിരുന്നുതീവ്രവാദികളുടെ പ്രവർത്തനം. 2014 മുതൽ ഈ വിമാനത്താവളം പ്രവർത്തിക്കുന്നില്ല. ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം നഷ്ടമായതും തീവ്രവാദികൾക്ക് കനത്ത പ്രഹരമായി.