സ്മാർട് പദ്ധതി : യു.എ.ഇയ്ക്ക് നേട്ടം 800 കോടി

അബുദാബി : 'സ്മാർട്' പദ്ധതി നടപ്പാക്കിയ ശേഷം യു.എ.ഇ മൂന്നു വർഷം കൊണ്ടു ലാഭിച്ചത് 800 കോടി ദിർഹം (ഏകദേശം 14,700 കോടി രൂപ). വിവിധ സേവനങ്ങൾക്കുള്ള സമയനഷ്ടവും കടലാസ് ഇടപാടുകളും പഴങ്കഥയായി. വൻതോതിൽ കാർബൺ മലിനീകരണം ഒഴിവാക്കാനായതാണു മറ്റൊരു നേട്ടമെന്നും ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) വ്യക്തമാക്കി. 35 ഫെഡറൽ ഡിപാർട്മെന്റുകളിലെ 2015 മുതൽ 2017 വരെയുള്ള 319 സേവനങ്ങളാണ് പഠനവിധേയമാക്കിയത്. ഈ കാലയളവിൽ മൂന്നുകോടി ഇ-ഇടപാടുകൾ നടന്നു.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിനൊപ്പം വിവിധ വകുപ്പുകളിലെ 5800 ൽ ഏറെ തസ്തികകൾ ഒഴിവാക്കാനും സാധിച്ചു. സേവനങ്ങൾ വിരൽത്തുന്പിൽ ആയതോടെ സമയവും പണവും ലാഭിക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുന്നു. അപേക്ഷ നൽകുന്നതുമുതലുള്ള സമയനഷ്ടം ഒഴിവാക്കാനാകുമെന്നതിനു പുറമെ കടലാസ് ഇടപാടുകൾ പരമാവധി കുറയ്ക്കാനും കഴിയും. സ്മാർട് ഗവൺമെന്റ് പദ്ധതികൾ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ വൻനേട്ടമുണ്ടാക്കിയതായി ടി.ആർ.എ ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു.
നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക മികവുകൾ രാജ്യം ഏറ്റവും ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിവരുന്നു. സർക്കാർ സേവനങ്ങൾ ഡിജിറ്റൽതലത്തിലേക്കു മാറിയതു നടപടിക്രമങ്ങളുടെ ആയാസം കുറയ്ക്കാൻ സഹായകമായതായും ചൂണ്ടിക്കാട്ടി. ആശ്വാസം, ടൺ കണക്കിന് ഇ-സേവനങ്ങളിലേക്കു രാജ്യം മാറിയതോടെ മൂന്നുവർഷംകൊണ്ട് ഒഴിവാക്കാനായത് 3.77 ലക്ഷം ടൺ കാർബൺ മലിനീകരണം. ഓരോ വർഷവും 19,000 മരങ്ങൾ സംരക്ഷിക്കാനും കഴിഞ്ഞു.
2021 ആകുന്പോഴേക്കും ഡിജിറ്റൽ രംഗത്ത് യു.എ.ഇ ലോകത്തിന്റെ മുൻനിരയിലാകും. എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം വിവിധ എമിറേറ്റുകളിൽ നടപ്പാക്കിയിട്ടുണ്ട്. രേഖകളുടെ കൈമാറ്റം ഉൾപ്പെടെയുള്ള നടപടികൾ സുതാര്യവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടാണ് ഇ- ഗവൺമെന്റ് ഡിപാർട്മെന്റിന്റെ പദ്ധതി.