പൊതുമേഖല നിയന്ത്രണം : കൂടുതൽ അധികാരം വേണമെന്ന് റിസർവ്വ് ബാങ്ക്

ന്യൂഡൽഹി : പൊതുമേഖല ബാങ്കുകളുടെ നിയന്ത്രണത്തിന് റിസർവ്വ് ബാങ്കിന് കൂടുതൽ അധികാരം വേണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേൽ അഭിപ്രായപ്പെട്ടു. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം. വീരപ്പ മൊയ്ലിയുടെ അദ്ധ്യക്ഷതയിലുള്ള സാന്പത്തികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്പാകെ ഹാജരായ പട്ടേലിനോട് പഞ്ചാബ് നാഷണൽ ബാങ്ക് സാന്പത്തിക ക്രമക്കേട്, ബാങ്കുകളിൽ ഏറിവരുന്ന കിട്ടാക്കടം, നോട്ടുനിരോധനത്തിന് ശേഷം തിരിച്ചുവന്ന പണത്തിന്റെ കണക്ക് എന്നീ വിഷയങ്ങളിൽ വിശദീകരണം തേടിയ സാഹചര്യത്തിലായിരുന്നു ഊർജ്ജിത് പട്ടേലിന്റെ പ്രതികരണം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കം വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുള്ളവരടങ്ങിയ പാനലാണ് ഗവർണറുടെ വിശദീകരണങ്ങൾ കേട്ടത്. നോട്ട്നിരോധനം കഴിഞ്ഞ് നാളിത്രയായിട്ടും തിരിച്ചെത്തിയ പണത്തിന്റെ കണക്കുകൾ റിസർവ്വ് ബാങ്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല. പാനലിന് മുന്നിൽ ഗവർണർ ഈ കണക്കുകൾ വെളിപ്പെടുത്തണമെന്നും സമിതി യോഗം ചേരുന്നതിന് മുന്പ് കോൺഗ്രസ് എം.പി ദിനേഷ് ത്വിവേദി പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട 13,000 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചും പട്ടേൽ ചോദ്യങ്ങൾ നേരിട്ടു. ബാങ്കിനെ നിയന്ത്രിക്കുന്നതിൽ റിസർവ്വ് ബാങ്കിന്റെ അധികാരങ്ങൾക്ക് പരിമിതിയുണ്ടെന്നാണ് ഉർജ്ജിത് പട്ടേൽ പറഞ്ഞത്. ഇതോടൊപ്പമാണ് പൊതു മേഖല ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ്വ് ബാങ്കിന് കൂടുതൽ അധികാരം ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കിയത്. ഓരോ ബാങ്കിന്റെയും ഓരോ ബ്രാഞ്ചുകളെയും നിരീക്ഷിച്ച് പ്രവർത്തനങ്ങൾ വിലയിരുത്താൻ സാധ്യമല്ലെന്നാണ് നീരവ് മോദിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റിസർവ്വ് ബാങ്ക് ഗവർണർ മറുപടി പറഞ്ഞത്. എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാത്തരം പ്രതിസന്ധികളെയും മറികടക്കാൻ ആവശ്യമായി നടപടികൾ എടുക്കുന്നുണ്ടെന്ന് ഊർജ്ജിത് പട്ടേൽ വ്യക്തമാക്കി.