ഇരുപത്തേഴാം രാവിൽ മസ്ജിദുകളിൽ വിശ്വാസി പ്രവാഹം

കുവൈത്ത് സിറ്റി : ഇരുപത്തേഴാം രാവിൽ മസ്ജിദുകളിൽ വിശ്വാസികൾ നിറഞ്ഞു. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായതെന്ന് കരുതുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷയിൽ പള്ളികളിൽ എത്തിയവർ പാപമോചനത്തിനായി മനമുരുകി പ്രാർഥിച്ചു. വിടപറയാൻ ഒരുങ്ങിയ മാസത്തിന്റെ ചൈതന്യം പൂർണമായും ആവാഹിച്ചെടുത്ത് ദൈവസന്നിധിയിൽ ഒത്തുകൂടിയവർ രാവ് പകലാക്കി പള്ളികളിൽ കഴിഞ്ഞു.
തറാവീഹ് നമസ്കാരത്തിനെത്തി പാതിരാവിൽ ഖിയാമുല്ലൈൽ നമസ്കാരവും നടത്തി സുബ്ഹി നമസ്കാരത്തിനുശേഷം വീടണഞ്ഞവരും ഒട്ടേറെ. കുവൈത്തിൽ ഖിയാമുല്ലൈൽ നമസ്കാരം നടന്ന പള്ളികളിലെല്ലാം വൻ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. പള്ളികളിലേക്കുള്ള പാതകളിൽ ഗതാഗത തടസ്സം ഇല്ലാതാക്കുന്നതിന് ആഭ്യന്തരമന്ത്രാലയം നടപടികൾ സ്വീകരിച്ചു. ഖിയാമുല്ലൈൽ നമസ്കാരത്തിലെഖുനൂത്ത് ഭക്തിസാന്ദ്രമായി.
പാപമോചനം തൊട്ട് ആഗോള സമാധാനം ലഭ്യമാകുന്നതിനുവരെ ഇമാമുമാർ പ്രാർത്ഥിച്ചു. ഇമാമുമാർക്ക് പിന്നിൽ അണിനിരന്ന ആയിരങ്ങൾ ഓരോ വാചകത്തിനും മനമറിഞ്ഞ് ആമീൻ ചൊല്ലി. ചിലപ്പോഴൊക്കെ അത് ഗദ്ഗദമായി മാറി. കുവൈത്തിൽ ലക്ഷത്തിലേറെ ആളുകൾ ഖിയാമുല്ലൈൽ നമസ്കാരത്തിന് എത്താറുള്ള മസ്ജിദുൽ കബീറിൽ ഇത്തവണ കനത്ത നിയന്ത്രണം കാരണം പതിനെണ്ണായിരത്തോളം ആളുകൾക്കേ അവസരം ലഭ്യമായുള്ളൂ. മസ്ജിദുൽ കബീറിന് സമീപം വിശാലമായ സ്ഥലത്ത് തന്പുകൾ കെട്ടി വിശ്വാസികൾക്ക് സൗകര്യം ഒരുക്കാറായിരുന്നു പതിവ്. പള്ളിയോട് തൊട്ടുള്ള ഹൈവേ വികസനം നടക്കുന്നതിനാൽ അസൗകര്യം പരിഗണിച്ച് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.