മർ­വ ദ്വീ­പിൽ 7000 വർ­ഷം പഴക്കമു­ള്ള പു­രാ­വസ്തു­ ശേ­ഖരം കണ്ടെ­ത്തി­


അബുദാബി : അബുദാബിയിലെ മർവ ദ്വീപിൽ 7,000 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ ഗവേഷണത്തിൽ കണ്ടെത്തി. അബുദാബി എമിറേറ്റിലെ പുരാതനമായ മർവ ദ്വീപ് നിവാസികൾ 7000 വർഷങ്ങൾക്കു മുന്പ് ആടുകളെയും കോലാടുകളെയും പരിപാലിച്ചിരുന്നതായും അവയെ ആഹാരത്തിനും മറ്റുമായി ബലികഴിച്ചിരുന്നതായും ദ്വീപിലെ പര്യവേഷണത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ വെളിപ്പെടുത്തുന്നു. സമുദ്രത്തിലെ വിഭവങ്ങൾ ഭക്ഷണസാധനങ്ങളായും ദ്വീപു നിവാസികൾ ഉപയോഗിച്ചിരുന്നതായുമാണ് കണ്ടെത്തൽ.

 ഈ വർഷം ആദ്യം കഠണ്ടെത്തിയ 7,000 വർഷം മുന്പുള്ള കണ്ടുപിടുത്തങ്ങളെക്കുറിച്ച് പുരാവസ്തുഗവേഷകർ നടത്തുന്ന ഗവേഷണം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. വളരെ സങ്കീർണ്ണവും വൈദഗ്ദ്ധ്യവുമുള്ള മർവ ദ്വീപിലെ ജനത വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും സമുദ്ര സന്പത്ത് വ്യാപാരം ചെയ്തിരുന്നതായും ഇവിടെ നിന്നു ശേഖരിച്ച വസ്തുക്കൾ തെളിയിക്കുന്നു. 

പൗരാണിക കാലത്ത് പ്രദേശ നിവാസികൾ ചെമ്മരിയാടുകളെയും കോലാടുകളെയും മറ്റു മൃഗങ്ങളെയും ഗസലുകൾ പോലെയുള്ള വേട്ടക്കല്ലുകളെറിഞ്ഞാണ് വേട്ടയാടിയിരുന്നതെന്നും ഈ പ്രദേശത്തു നിന്നുള്ള കണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നു.

മത്സ്യം, ഡുഗോങ്, ആമകൾ, ഡോൾഫിൻ എന്നിവയുടെ അസ്ഥികളും വൻതോതിൽ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് ദ്വീപിൽ അക്കാലത്ത് ജീവിച്ചിരുന്നവർ കടലിനെയും കടൽ വിഭവങ്ങളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്നാണ്. ആഹാരത്തിനും വ്യാപാരത്തിനു സമുദ്ര വിഭവങ്ങൾ ഉപയോഗിക്കുകയും ചെയ്തതായി അനുമാനിക്കുന്നുവെന്ന് അബുദാബി സാംസ്‌കാരിക−ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡയറക്ടർ ജനറൽ സെയ്‌ഫ് സഈദ് ഗോബാഷ് എന്നിവർ മർവ ദ്വീപിലെ പുരാവസ്തു ഗവേഷണ സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞു.

7,500 വർഷങ്ങൾക്കു മുന്പ് യു.എ.ഇയിൽ ജീവൻ ഉണ്ടായിരുന്നു എന്നതിന്റെ പ്രധാന തെളിവായി മർവ ദ്വീപിലെ ഗവേഷണ സൈറ്റിൽ നിന്ന് കണ്ടെത്തിയ നൂറുകണക്കിന് കരകൗശല വസ്തുക്കളും പുരാവസ്തുക്കളും കണക്കാക്കുന്നു. ദ്വീപിൽ കാണപ്പെട്ട പുരാതന സൈറ്റുകളെല്ലാം അബുദാബി എമിറേറ്റിലെ പരന്പരാഗത ഗവേഷണങ്ങളുടെയും അമൂല്യമായ വിഭവങ്ങളുടെയും കലവറയാണെന്നും അബുദാബി സാംസാകാരിക ടൂറിസം വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed