വിദേശികൾക്കായി കുവൈത്തിൽ ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി ആരംഭിക്കുന്നു

കുവൈത്ത് സിറ്റി : സർക്കാർ മേഖലയിൽ വിദേശികൾക്കായി ഹെൽത്ത് ഇൻഷുറൻസ് ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരോഗ്യമന്ത്രാലയം ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതിന് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. സർക്കാർ സ്ഥാപനങ്ങളുമായുള്ള ഏകോപനം, ഭരണനിർവ്വഹണവും സാങ്കേതികവുമായ വിഷയങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും.
അഹമ്മദ്, ജഹ്‌റ എന്നിവിടങ്ങളിലാണ് വിദേശികൾക്കായി ആരോഗ്യ ഇൻഷുറൻസ് ആശുപത്രികൾ സ്ഥാപിക്കുക.
2020 ആദ്യപാദത്തിൽ പ്രവർത്തനസജ്ജമാകും വിധം നിർമ്മാണം പൂർത്തീകരിക്കും. മെഡിക്കൽ ഇൻഷുറൻസ് തുകയിൽ നിന്ന് ലഭ്യമാകും വിധം ന്യായമായ തുകയാകും ഈ ആശുപത്രികളിൽ ചികിത്സാ ഫീസ് ആയി നിർണയിക്കുക. അടുത്തവർഷം ആദ്യപാദത്തോടെ ആറ് ഗവർണറേറ്റുകളിലുമായി 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.
ഓരോ ഗവർണറേറ്റിലും വസിക്കുന്ന വിദേശികളുടെ എണ്ണം കണക്കാക്കിയാകും അവിടെ അനുവദിക്കുന്ന സെന്ററുകളുടെ എണ്ണം. പൊതുമേഖലാ ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനും അത്തരം ആശുപത്രികളിലെ സേവനം സ്വദേശികൾക്ക് മാത്രമായി ചുരുക്കുന്നതിനുമാണ് വിദേശികൾക്കു പ്രത്യേകം ആശുപത്രി പണിയുന്നത്.