യു.എ.ഇയിലെ ആദ്യ ആണവനിലയത്തിന്റെ നിർമ്മാണം 2020ൽ പൂർത്തിയാകും
ദുബായ് : യു.എ.ഇ.യുടെ ആദ്യ ആണവനിലയമായ ബറാഖയുടെ നിർമ്മാണം2020ൽ പൂർത്തിയാകും. നിലവിൽ പദ്ധതിയുടെ 81 ശതമാനം പൂർത്തിയായതായി അധികാരികൾ അറിയിച്ചു. നിർമ്മാണം പൂർത്തിയായാൽ യു.എ.ഇ.യുടെ മൊത്തം വൈദ്യുതാവശ്യത്തിന്റെ കാൽഭാഗം ആണവോർജത്തിൽനിന്ന് ഉൽപ്പാദിപ്പിക്കാൻ കഴിയും. 5600 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപ്പാദിപ്പക്കുക.
ബാറാഖ നിലയത്തിൽ നാല് റിയാക്ടറുകളാണുള്ളത്. നാല് റിയാക്ടറുകളുടെ ആദ്യ യൂണിറ്റ് നിർമ്മാണം 95 ശതമാനം പൂർത്തിയായി. രണ്ടാമത്തെയൂണിറ്റ് 84 ശതമാനവും മൂന്നും നാലും യൂണിറ്റുകളുടെ നിർമ്മാണം യഥാക്രമം 74−ഉം 51−ഉം ശതമാനവും പൂർത്തിയായതായി എൻജിനീയറിംങ് വിഭാഗം മേധാവി ഹാങ്ക് ബെറി പറഞ്ഞു.
നാല് മാസത്തേക്ക് ഒരു വീട്ടിലേക്ക് ആവശ്യമായ ഊർജം പ്ലാന്റിലെ ഒരു പെല്ലറ്റ് യുറാനിയത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇത് 481 ക്യുബിക് മീറ്റർ പ്രകൃതി വാതകത്തിനും 471 ലിറ്റർ എണ്ണയ്ക്കും ഒരു ടൺ കൽക്കരിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഊർജത്തിനും സമാനമാണ്. ബാറാഖയിലെ ഓരോ പ്ലാന്റും 30 മില്ല്യൺ ഫ്യുവൽ പെല്ലറ്റ് ശേഷിയുള്ള താണ്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷന്റെ കീഴിൽ 1900−ൽ അധികം ആളുകളാണ് ജോലി ചെയ്യുന്നത്. ഇതിൽ 60 ശതമാനവും സ്വദേശികളും അതിൽ 20 ശതമാനം സ്വദേശി വനിതകളുമാണ്. 2020−ൽ ഈ സ്ഥാനത്ത് 2500−ഓളം വിദഗ്ദ്ധർ ആവശ്യമായിവരും. യു.എ.ഇ.യുടെ ഭാവി ആണവോർജ രംഗങ്ങളിലെ സാധ്യതകൾ മുന്നിൽക്കണ്ട് കോർപ്പറേഷന്റെ സ്കോളർഷിപ്പിൽ 217 ഓളം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്.
ഇതിനുപുറമേ 226 ബിരുദധാരികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. 63 വിദ്യാർത്ഥിനികളും സ്കോളർഷിപ്പിൽ പഠിക്കുന്നുണ്ട്. ഈ രംഗത്തുള്ള നിരവധി സ്വദേശി സ്ഥാപനങ്ങൾക്കും ബറാഖയുടെ വരവോടെ സാധ്യതയേറും. 1400−ഓളം സ്ഥാപനങ്ങളാണ് ഇതിനോടകം ബറാഖയുമായി ചേർന്ന് പ്രവർത്തിക്കുന്നത്.

