ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തിൽ നിന്നും പിന്മാറി സ്ഥാനാർത്ഥി; ഫാൽട്ടയിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി
ഷീബ വിജയൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽട്ട ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് പെട്ടെന്ന് പ്രഖ്യാപിച്ചു. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഏറ്റവും അടുത്ത അനുയായിയാണ് ജഹാംഗീർ ഖാൻ.
അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലമായ ഡയമണ്ട് ഹാർബറിൽ ഉൾപ്പെട്ട നിയമസഭ മണ്ഡലമാണ് ഫാൽട്ട. വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണങ്ങളെയും, തുടർച്ചയായ തെരഞ്ഞെടുപ്പ് സംഘർഷങ്ങളെയും തുടർന്നാണ് ഫാൽട്ടയിലെ വോട്ടെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നത്. ഫാൽട്ട ഉപതെരഞ്ഞെടുപ്പിൽ നിന്ന് തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയാണെന്നും ഇനി മത്സരിക്കാൻ ഇല്ലെന്നുമാണ് ജഹാംഗീർ ഖാൻ ഇപ്പോൾ വ്യക്തമാക്കിയത്.
ഫാൽട്ടയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഒപ്പം അതിന്റെ പരമാവധി വികസനം സാധ്യമാക്കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 'സോനാർ ഫാൽട്ട' (സുവർണ്ണ ഫാൽട്ട) എന്നതാണ് തന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി ഫാൽട്ടയിലെ ജനങ്ങൾക്കായി ഒരു പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാൽട്ടയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ് താൻ സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്നാണ് ജഹാംഗീർ ഖാൻ നൽകുന്ന വിശദീകരണം.
ഫാൽട്ടയിൽ ദേബാംഷു പാണ്ഡെയാണ് ബിജെപി സ്ഥാനാർത്ഥി. അബ്ദുർ റസാക്ക് മൊല്ല (കോൺഗ്രസ്), ശംഭുനാഥ് കുമാരി (സിപിഎം) തുടങ്ങിയവരാണ് ഫാൽട്ടയിൽ മത്സരരംഗത്തുള്ള മറ്റ് പ്രധാന സ്ഥാനാർത്ഥികൾ. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നേടിയിരുന്നു. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തു.
sdadsaadsads

