ജോർദാൻ U17 വനിതാ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യ; ഗോകുലം കേരള അക്കാദമി താരം ഷിൽജി ഷാജിക്ക് നാല് ഗോൾ നേട്ടം


നാല് ഗോളുകളുമായി മലയാളി താരം ഷിൽജി ഷാജി കളം പിടിച്ചപ്പോൾ തകർന്നത് ജോർദാന്റെ അണ്ടർ-17 വനിതാ നിര. ഇന്ത്യയുടെ വിജയം എതിരില്ലാത്ത ഏഴ് ഗോളുകൾക്ക്. ജോർദാനിലെ സാർഖയിലെ പ്രിൻസ് മുഹമ്മദ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്നലെ മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയത്.

ഗോകുലം കേരള എഫ്‌സി വനിതാ നിരയുടെ നിലവിലെ പരിശീലകയും ഇന്ത്യൻ ദേശിയ വനിതാ ടീമിന്റെ മുൻ സഹ പരിശീലകയുമായ പ്രിയ പിവിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇന്നലെ ജോർദാനിൽ ഇറങ്ങിയത്. രണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ ആദ്യ ഗോൾ നേടിയ കോഴിക്കോട് സ്വദേശി ഷിൽജി ഷാജി 37, 74, 76 മിനുട്ടുകളിലാണ് മറ്റ് ഗോളുകൾ നേടിയത്. കൂടാതെ, മനീഷ കുമാരി, പൂജ, സഞ്ജന ചാനു എന്നിവർ ഓരോ ഗോളും നേടി.ഷിൽജിയെ കൂടാതെ, സ്പോർട്സ് കേരള-ഗോകുലം കേരള വനിതാ ഫുട്ബോൾ അക്കാദമിയിൽ നിന്നും ആര്യ അനിൽകുമാറും ആർ. അഖിലയും ദേശീയ ടീമിൽ അരങ്ങേറ്റം നടത്തി. പൂജ നേടിയ ഇന്ത്യയുടെ മൂന്നാമത്തെ ഗോളിന് വഴി ഒരുക്കിയത് ആര്യയായിരുന്നു. അക്കാദമിയുടെ മറ്റൊരു താരമായ ബി.എൽ അഖില പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്നു.

 

അടുത്ത വർഷം നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിലാണ് യുവ താരങ്ങൾ. ഫെബ്രുവരി ഒൻപതിന് ഇന്ത്യ വീണ്ടും ജോർദാനെതിരെ കളിക്കളത്തിലിറങ്ങും.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed