ഏകദിന റാങ്കിംഗ്: ബാറ്റ്സ്മാൻമാരിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ കോഹ്ലിയും രോഹിത്തും


 

ദുബൈ: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിലെ ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. 870 റേറ്റിംഗ് പോയിന്റാണ് കോലിക്കുള്ളത്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരന്പരയില്‍ കളിച്ചില്ലെങ്കിലും രോഹിത്തിന് 842 പോയിന്റാണുള്ളത്. ബാബര്‍ അസം (837), റോസ് ടെയ്ലര്‍ (818) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ആരോണ്‍ ഫിഞ്ച് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ഇന്ത്യക്കെതിരായ മികച്ച പ്രകടനമാണ് ഓസീസ് ക്യാപ്റ്റന് തുണയായത്. 791 പോയിന്റാണ് ഫിഞ്ചിനുള്ളത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 249 റണ്‍സാണ് ഫിഞ്ച് നേടിയത്. ഏഴാം സ്ഥാനത്താണ് ഡേവിഡ് വാര്‍ണർ. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ് ആറാം സ്ഥാനത്തേക്ക് വീണു.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസൺ എട്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക്, ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ എന്നിവരാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയെങ്കിലും ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ആദ്യ പത്തിലെത്താന്‍ സാധിച്ചില്ല. 15ാം സ്ഥാനത്താണ് അദ്ദേഹം.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ടാണ് ഒന്നാമത്. ജസ്പ്രീത് ബുമ്ര മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് റഹ്മാനാണ് രണ്ടാം സ്ഥാനത്ത്. ക്രിസ് വോക്സ്, കഗിസോ റബാദ, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് ആമിര്‍, പാറ്റ് കമ്മിന്‍സ്, മാറ്റ് ഹെന്റി, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

You might also like

  • Straight Forward

Most Viewed