ബാഴ്സയില്‍ ചേരിപ്പോര് രൂക്ഷം; രണ്ട് വൈസ് പ്രസി‍ഡണ്ടടക്കം ആറ് ഡയറക്ടര്‍മാര്‍ രാജിവെച്ചു


മഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ക്ലബ്ബ് ഫുട്ബോളിൽ കലഹം രൂക്ഷമാകുന്നു. ചേരിപ്പോരിന് ആക്കംകൂട്ടി വ്യാഴാഴ്ച അർദ്ധരാത്രി ക്ലബ്ബ് ഡയറക്ടർ ബോർഡിലെ ആറ് അംഗങ്ങൾ രാജിവെച്ചു. ഇവരിൽ രണ്ടുപേർ വൈസ് പ്രസിഡണ്ടുമാരാണ്. പ്രസിഡണ്ട് ജോസഫ് മരിയ ബർത്തോമ്യുവിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി.

കൊറോണ വൈറസ് വ്യാപനംമൂലം സാമ്പത്തികനഷ്ടം നേരിടുന്ന ക്ലബ്ബിന് പുതിയ സംഭവവികാസങ്ങൾ കനത്ത പ്രഹരമായി. വൈസ് പ്രസിഡണ്ടുമാരായ എമിലി റൗസൗദ്, എൻ റീക്കെ തോബസ്, ഡയറക്ടർമാരായ സിൽവിയോ എലിയാസ്, ജോസെപ് പോണ്ട്, ജോർഡി കാൽസമിഗ്ലിയ, മരിയ ടെക്സിഡോർ എന്നിവരാണ് രാജിവെച്ചത്.

ബർത്തോമ്യുവിനെ രൂക്ഷമായി വിമർശിക്കുന്ന കത്തും ഇവർ പുറത്തുവിട്ടു. എന്നാൽ, ഇപ്പോൾ രാജിവെച്ച വൈസ് പ്രസിഡണ്ടുമാരടക്കം നാലുപേരോട് പ്രസിഡണ്ട് നേരത്തേ രാജി ആവശ്യപ്പെട്ടിരുന്നെന്നും വാർത്തകളുണ്ട്. ഡയറക്ടർ ബോർഡ് പുനഃസംഘടനയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്.

ക്ലബ്ബ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കങ്ങളും ചേരിപ്പോരുമാണ് കറ്റാലൻ ക്ലബ്ബിൽ നടക്കുന്നത്. ബർത്തോമ്യുവിന്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടയാളാണ് റൗസൗദ്. 2015 മുതൽ ബർത്തോമ്യുവാണ് ക്ലബ്ബിനെ നയിക്കുന്നത്. 

തുടരെയുണ്ടാകുന്ന വിവാദങ്ങളും സംഭവങ്ങളും ക്ലബ്ബിനെ കുഴപ്പത്തിലാക്കുന്നുണ്ട്. ബാഴ്സ ഗേറ്റ്, മെസ്സി − അബിദാൽ തർക്കം, ശമ്പളം കുറച്ചതിനെച്ചൊല്ലി കളിക്കാരുടെ പ്രതിഷേധം എന്നിവ അടുത്തകാലത്ത് വിവാദമായി. ബാഴ്സ ഗേറ്റ് സംഭവത്തെയും പ്രസിഡണ്ടിൻ്റെ നിലപാടുകളെയും രാജിവെച്ചവരുടെ കത്തിൽ പരാമർശിക്കുന്നുണ്ട്. സൂപ്പർതാരം മെസ്സിയുമായി അകന്ന ബർത്തോമ്യുവിന് ഈ രാജികൾ തിരിച്ചടിയാകും. ബാഴ്സഗേറ്റ്, പ്രതിഫലതർക്കം എന്നിവയിൽ മെസ്സിയും ബർത്തോമ്യുവും രണ്ട് ചേരികളിലാണ്. അബിദാലുമായുള്ള തർക്കവും മെസ്സിക്കെതിരേയുള്ള ബർത്തോമ്യുവിന്റെ നീക്കമായി വിലയിരുത്തുന്നുണ്ട്. പ്രസിഡണ്ട് തെരഞ്ഞെുപ്പിൽ ടീം നായകനായ മെസ്സി തനിക്കെതിരേ തിരിയുമോയെന്ന ഭയത്തിൽ നിന്നാണ് പ്രസിഡണ്ടിൻ്റെ നീക്കങ്ങൾ. മെസ്സി ക്ലബ്ബ് വിടുമെന്ന അഭ്യൂഹവും ശക്തമാണ്.

 

 ടീം പരിശീലകൻ ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയതിന് ശേഷമാണ് മുൻ താരവും ഫുട്ബോൾ ഡയറക്ടറുമായ എറിക് അബിദാൽ രംഗത്തുവന്നത്. ചില മുതിർന്ന താരങ്ങൾ സഹകരിക്കാത്തതുകൊണ്ടാണ് പരിശീലകന് പുറത്തുപോകേണ്ടിവന്നതെന്ന് അബിദാൽ ആരോപിച്ചു. ഇതിനെതിരേ രംഗത്തുവന്ന മെസ്സി താരങ്ങളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം എല്ലാ താരങ്ങളും സംശയത്തിന്റെ നിഴലിലാകുമെന്നും തുറന്നടിച്ചു.

 ലയണൽ മെസ്സിയും ജെറാർഡ് പീക്വയും അടങ്ങുന്ന മുതിർന്ന താരങ്ങളുടെ പ്രതിച്ഛായ മോശമാക്കാൻ പബ്ലിക് റിലേഷൻ കമ്പനിയെ ബർത്തോമ്യു നിയോഗിച്ചെന്നാണ് ആരോപണം. ബാഴ്സയുമായി ബന്ധമുള്ള ഓൺലൈൻ കമ്പനിയുടെ ഭാഗമായ ഗ്രൂപ്പിന് ഇതിനായി പണം നൽകിയെന്നാണ് ആരോപണം.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കളികൾ മുടങ്ങിയതോടെ ക്ലബ്ബിന് സാമ്പത്തിക നഷ്ടം ഉറപ്പായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ താരങ്ങളുടെ ശമ്പളത്തിൽ 70 ശതമാനം കുറയ്ക്കാൻ ക്ലബ്ബ് തീരുമാനിച്ചിരുന്നു. കളിക്കാരുമായി ആദ്യഘട്ട ചർച്ച പരാജയപ്പെട്ട ശേഷം പ്രസിഡന്റ് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനെതിരേ മെസ്സി രംഗത്തുവന്നു. പ്രതിഫലം കുറയ്ക്കുന്നതിന് താരങ്ങൾ എതിരില്ലെന്നും എന്നാൽ, ഇതിനായി ക്ലബ്ബ് സ്വീകരിച്ച നടപടി ശരിയായില്ലെന്നും മെസ്സി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed