എറിഞ്ഞിട്ട് ഇഷാന്ത്; ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ്
കൊൽക്കത്ത: കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സ് ജയം ലക്ഷ്യിമിട്ട് ഇന്ത്യ. 241 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിർത്തുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് ഇനിയും 89 റൺസ് കൂടി വേണം. 59 റൺസുമായി ക്രീസിലുള്ള മുഷ്ഫീഖുർ റഹീമിലാണ് ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷകൾ.
ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിനെ എറിഞ്ഞിട്ട ഇഷാന്ത് ശർമ തന്നെയാണ് ഇന്ത്യക്ക് മേൽക്കൈ നേടിത്തന്നത്. തുടക്കത്തിൽ 13/4 ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ നാലാം വിക്കറ്റിൽ മുഷ്ഫീഖുറും മൊഹമദ്ദുള്ളയും(39) ചേർന്ന് 120 റൺസ് കൂട്ടുകെട്ടിലൂടെ കരകയറ്റുമെന്ന് കരുതിയെങ്കിലും മൊഹമ്മദ്ദുള്ള പരിക്കേറ്റ് മടങ്ങിയത് സന്ദർശകർക്ക് തിരിച്ചടിയായി. മെഹ്ദി ഹസനുമൊത്ത്(15) കൂട്ടുകെട്ടുയർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇഷാന്ത് തന്നെ തകർത്തു. തൈജുൾ ഇസ്ലാമിനെ(11) വീഴ്തത്തി ഉമേഷ് ബംഗ്ലാദേശിന്റെ തകർച്ച പൂർണമാക്കി.
ആദ്യ ഇന്നിംഗ്സിന്റെ തനിയാവർത്തനമായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സും. സ്കോര്‍ ബോർഡിൽ റണ്ണെത്തും മുന്പെ ഷദ്മാൻ ഇസ്ലാമിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റൻ മോനിമുൾ ഹഖിനെ(0) വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി. പിന്നാലെ ഇമ്രുൾ കെയ്സിനെ(5) സ്ലിപ്പിൽ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. പിന്നീടായിരുന്നു 120 റൺസിന്റെ കൂട്ടുകെട്ടിലൂടെ മുഷ്ഫീഖുറും മെഹമദ്ദുള്ളയും ചേർന്ന് ബംഗ്ലാ സ്കോറിന് അൽപമെങ്കിലും മാന്യത പകർന്നത്.

