ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; കൊച്ചി മഞ്ഞയണിയാൻ ഇനി മണിക്കൂറുകൾ മാത്രം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം പതിപ്പിന് ഇന്ന് കൊച്ചിയിൽ കിക്കോഫ്. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാേസ്റ്റഴ്സും എ.ടി.കെയും ഏറ്റുമുട്ടും. പുതിയ പരിശീലകൻ, പുതിയ നായകൻ, പുതിയ തന്ത്രങ്ങൾ അങ്ങനെ എല്ലാം പുതുക്കിയാണ് മഞ്ഞപ്പട എത്തുന്നത്. കളത്തിന് പുറത്തെ അവകാശവാദങ്ങളിലേക്കൊതുങ്ങിയ രണ്ട് സീസണിന് ഒടുവിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തുടക്കമാണ് മഞ്ഞപ്പട തേടുന്നത്.
നോർത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകൻ എൽക്കോ ഷാറ്റോറിയെയും നൈജീരിയൻ ഗോളടിയന്ത്രം ബർത്തലോമിയോ ഓഗ്‌ബെച്ചേയെയും മഞ്ഞപ്പടയിലെത്തിച്ചാണ് ബ്ലാേസ്റ്റഴ്സ് മാനേജ്മെന്‍റ് ആറാം സീസണ് കോപ്പുകൂട്ടിയത്. സന്തുലിതമായ ടീമെന്ന സ്വപ്നം ഒരുപരിധി വരെ മഞ്ഞപ്പട യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.
പ്രതിരോധകോട്ടയിലെ വിശ്വസ്തൻ സന്ദേശ് ജിംഗാനും ചില വിദേശതാരങ്ങളും പരിക്കിന്‍റെ പിടിയിലായത് തിരിച്ചടിയാണെങ്കിലും സഹലും സിഡോഞ്ചയും അടങ്ങുന്ന മധ്യനിര അധ്വാനിച്ച് കളിക്കുമെന്നുറപ്പ്. തുടർച്ചയായ മൂന്നാം വർഷമാണ് ബ്ലാേസ്റ്റഴ്സും എ.ടി.കെയും ഉദ്ഘാടന മത്സരത്തിൽ നേർക്കുനേർ വരുന്നത്.

