കോഹ്്ലിക്കും അനുഷ്കയ്ക്കും മാംഗല്യം

മിലാൻ : ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരീട് കോഹ്്ലിയും ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ്മയും വിവാഹിതരായി. ഇറ്റലിയിലെ ടസ്കനിലെ ഹെറിറ്റേജ് റിസോർട്ടായ ബോർഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. “ഈ പ്രണയത്താൽ ഇനിയെന്നും ഒന്നായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം വാക്കു നൽകിയിരിക്കുന്നു. വിവാഹ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്നേഹവും കൂടി ചേർന്നതോടെ ഈ ദിവസം കൂടുതൽ മനോഹരമായി. ഞങ്ങളുടെ യാത്രയിൽ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി. വിവാഹ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് കോഹ്്ലി ട്വീറ്റ് ചെയ്തു.
വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച്ച തന്നെ കോഹ്്ലിയും അനുഷ്കയും ഇറ്റലിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കേണൽ അജയ്കുമാർ ശർമ്മയുടെയും അഷിമ ശർമ്മയുടെയും മകളായ അനുഷ്ക ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയാണെങ്കിലും വളർന്നത് ബംഗളൂരുവിലാണ്. ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രബ് നെ ബനാ ദി ജോഡിയാണ് അനുഷ്കയുടെ ആദ്യ ചിത്രം. ആമിർഖാന്റെ കൂടെ ചെയ്ത പീകെയും സൽമാനൊപ്പം ചെയ്ത സുൽത്താനും സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. ഡൽഹി ഉത്തം നഗർ സ്വദേശി പരേതനായ അഭിഭാഷകൻ പ്രേംകോഹ്്‍ലിയുടെയും സരോജയുടെയും മകനാണ് വിരാട് കോഹ്്ലി.