ദേശീയപാതയിലെ വീഴ്ചകൾ പരിഹരിക്കണമെന്ന് ഹൈക്കോടതി
തൃശൂർ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ സുരക്ഷാ മാനദണ്ധങ്ങങ്ങളിലെ വീഴ്ചകൾ ഉടനടി പരിഹരിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്കും, പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ദേശീയപാതയിൽ തിരക്കേറിയ ജംഗ്ഷനുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ദേശീയപാത ആറ് വരി നിർമ്മാണവുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാ മാനദണ്ധങ്ങളും പാലിക്കാതെ അശാസ്ത്രീയമായി റോഡ് നിർമ്മാണം നടത്തുന്നതിനെതിരെയുളള പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിയോഗിച്ച ഏകാംഗ കമ്മിഷൻ അഡ്വ. കെ.ആർ സുനിൽ ദേശീയപാതയിൽ പരിശോധന നടത്തി റിപോർട്ട് സമർപ്പിച്ചത്. ജൂൺ 14 ന് ആയിരുന്നു അഭിഭാഷക കമ്മിഷൻ ദേശീയ പാതയിൽ പരിശോധന നടത്തിയത്.
ദേശീയപാത നിർമ്മാണപ്രവർത്തനങ്ങളുമായിബന്ധപ്പെട്ട് പാലിക്കേണ്ട യാതൊരുസുരക്ഷാ മാനദണ്ധങ്ങളും ഇവിടെ പാലിച്ചില്ലെന്ന് വ്യക്തമാക്കിക്കെണ്ട് കമ്മിഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് മണ്ണുത്തി−വടക്കഞ്ചേരി ദേശീയപാതയിലെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് ഇതിനായി ഹർജി നൽകിയത്.

