നഴ്സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു : ശമ്പളം 20,000 രൂപ


തിരുവനന്തപുരം : മൂന്നാഴ്ചയായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തിവന്ന സമരം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രമ്യമായി ഒത്തുതീര്‍ന്നു. ഇതനുസരിച്ച് 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും. 50 കിടക്കകള്‍ക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പുനര്‍നിര്‍ണയിക്കാന്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മിഷണറും സമിതിയിലെ അംഗങ്ങളാണ്.

നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ്. മാനേജ്മെന്റുകളെയും സർക്കാരിനെയും സമ്മർദത്തിലാക്കുന്നതിനായി നഴ്സുമാർ കൂട്ടത്തോടെ അവധിയെടുത്തു നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള നിർണായക ചർച്ച. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി നഴ്സുമാരുടെ സംഘടനയായ യുഎൻഎ അറിയിച്ചു. സമരം വിജയകരമായി പര്യവസാനിച്ചതായും സംഘടനാ പ്രതിനിധികൾ അവകാശപ്പെട്ടു. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു. സമരം നടത്തിയവര്‍ ആശുപത്രി പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും സഹകരിക്കണം. ഈ രീതിയില്‍ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് അദ്ദേഹം ഇരുവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

നഴ്സിംഗ് ട്രെയിനിമാരുടെ സ്റ്റൈപൻഡ് കാലോചിതമായി വര്‍ധിപ്പിക്കും. ട്രെയിനിങ് കാലാവധിയും സ്റ്റൈപൻഡ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു. നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുളള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരെയും ഒന്നിച്ച് വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി അംഗീകരിച്ചു.

ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, നിയമമന്ത്രി എ.കെ. ബാലന്‍, തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, യുഎന്‍എ സംസ്ഥാന പ്രസിഡന്റ് എം. ജാസ്മിൻഷാ, സെക്രട്ടറി എം.വി. സുധീപ്, ഐഎന്‍എ പ്രസിഡന്‍റ് ലിബിന്‍ തോമസ്, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരും ട്രേഡ് യൂണിയന്‍, ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍നിന്ന് കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് അര്‍ഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed