വനിതാ ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം

ടൗണ്ടൺ: വനിതാ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. നിലവിലെ റണ്ണറപ്പുകളായ വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ഇന്ത്യയ്ക്കെതിരെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ പൂനം റാവത്തിനെയും (0) എട്ടാം ഓവറിൽ ദീപ്തി ശർമ്മയെയും (6) നഷ്ടപ്പെട്ടാണ് ഇന്ത്യ തുടങ്ങിയതെങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും മിന്നുന്ന ഫോം കാഴ്ചവെച്ച സ്മൃതി മന്ദന ഇന്ത്യയുടെ രക്ഷയ്ക്കെത്തി. സെഞ്ച്വറി നേടിയ സ്മൃതി തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയും കരസ്ഥമാക്കി. 108 പന്തിൽ നിന്ന് പുറത്താകാതെ 106 റൺസാണ് മന്ദന നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മന്ദന 90 റൺസെടുത്തിരുന്നു.
മന്ദനയ്ക്ക് ക്യാപ്റ്റൻ മിഥാലി രാജ് മികച്ച പിന്തുണ നൽകിയതോടെയാണ് ഇന്ത്യയുടെ ജയം അനായാസമായത്. മിഥാലി രാജ് 46 റൺസ് നേടി. ഹെയ്ലി മാത്യൂസ് (43), ഡാലെ(33), ഫ്ളെച്ചർ (36 നോട്ടൗട്ട്) എന്നിവരാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ഇന്ത്യക്കു വേണ്ടി ഹർമന്പ്രീത് കൗറും പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.