ഇറാഖി സൈന്യം മൊസൂൾ ഗ്രാൻഡ് മോസ്ക് പിടിച്ചെടുത്തു

മൊസൂൾ : ഐ.എസ് ഭീകരർ കഴിഞ്ഞയാഴ്ച ബോംബുവച്ചു തകർത്ത മൊസൂളിലെ 850 വർഷം പഴക്കമുള്ള അൽ നൂറി ഗ്രാൻഡ് മോസ്കിന്‍റെ വളപ്പിൽ ഇറാഖി സേന പ്രവേശിച്ചു. ഐ.എസ് പ്രഖ്യാപിച്ച കാലിഫേറ്റിന് ഇതോടെ അന്ത്യമായെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചു.
പഴയ മൊസൂൾ നഗരത്തിന്‍റെ വളരെക്കുറച്ചു ഭാഗങ്ങൾ മാത്രമേ ഇനി ഐ.എസിന്‍റെ കൈവശമുള്ളുവെന്നും താമസിയാതെ മൊസൂൾ നഗരത്തിന്‍റെ സന്പൂർണ നിയന്ത്രണം സൈന്യത്തിനു കിട്ടുമെന്നും അധികൃതർ വ്യക്തമാക്കി. മധ്യയുഗത്തിൽ പണികഴിപ്പിച്ച പഴയ മൊസൂളിലെ ഗ്രാൻഡ് മോസ്ക് ഐ.എസിനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ്്. മൂന്നു വർഷം മുന്പ് ഐ.എസ് നേതാവ് അബൂബക്കർ അൽബാഗ്ദാദി സിറിയയും ഇറാഖും ഉൾപ്പെട്ട കാലിഫേറ്റ് പ്രഖ്യാപിച്ചതും ഖലീഫയായി സ്ഥാനമേറ്റതും. ഇവിടെവച്ചാണ്. ഇറാഖി സൈന്യം അൽനൂരി മോസ്കിനു തൊട്ടടുത്തെത്തിയതിനെത്തുടർന്നു കഴിഞ്ഞയാഴ്ച മോസ്കും ഇവിടത്തെ സുപ്രസിദ്ധ ചരിഞ്ഞ മിനാരവും ഐ.എസ് ബോംബുവച്ചു തകർത്തിരുന്നു.
യു.എസ് സൈന്യത്തിന്‍റെ പിന്തുണയോടെ എട്ടുമാസം മുന്പാണ് ഇറാഖിൽ ഐ.എസിന് അവശേഷിച്ച പ്രമുഖ കേന്ദ്രമായിരുന്ന മൊസൂൾ പിടിക്കാൻ ഇറാഖി സേന പോരാട്ടം ആരംഭിച്ചത്. ഇന്നലെ അൽനൂറി മോസ്ക് പിടിച്ചതോടെ സൈന്യം നിർണായക വിജയം നേടി. അൽനൂറി മോസ്കും ചരിഞ്ഞ മിനാരവും (അൽഹദ്ബ മിനാരം) രാജ്യത്തിനു തിരിച്ചു കിട്ടിയതോടെ ഐ.എസിന്‍റെ വ്യാജരാജ്യത്തിന് അന്ത്യമായി− അൽ അബാദി പ്രസ്താവനയിൽ പറഞ്ഞു.
ഐ.എസിന്‍റെ അവസാനത്തെ പോരാളിയെയും കണ്ടെത്തി ഉന്മൂലനം ചെയ്യാൻ ഇറാഖി സൈനികരോട് അൽ അബാദി ആവശ്യപ്പെട്ടു. അൽനൂറി മോസ്ക് നഷ്ടമായതോടെ ഐ.എസിന്‍റെ സാങ്കല്പികരാജ്യം നിലംപതിച്ചെന്ന് ഇറാഖി സൈന്യത്തിന്‍റെ വക്താവ് ബ്രിഗേഡിയർ ജനറൽ യാഹ്യാ റസൂൽ ഇറാഖി ടി.വിയോടു പറഞ്ഞു.
ദിവസങ്ങൾക്കകം മൊസൂളിന്‍റെ സന്പൂർണ വിമോചനം സംബന്ധിച്ചു പ്രഖ്യാപനമുണ്ടാവുമെന്നു ബാഗ്ദാദിലെ യു.എസ് സൈനിക വക്താവ് റയാൻ ഡില്ലൺ പ്രത്യാശിച്ചു.