ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് കടന്ന താരമെന്ന റിക്കാര്‍ഡ് വിരാട് കോഹ്ലിക്ക്


മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് കടന്ന താരമെന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിക്ക്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരം തുടങ്ങുമ്പോള്‍ 19 റണ്‍സ് കൂടി മതിയായിരുന്നു വിരാടിന് 7,000 ക്ളബ്ബില്‍ എത്താന്‍. വ്യക്തിഗത സ്കോര്‍ 16ല്‍ നില്‍ക്കുമ്പോള്‍ ജയിംസ് ഫോക്നറിനെ ബൌണ്ടറി പായിച്ച് വിരാട് 20ലേക്ക് എത്തി. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 166 ഇന്നിംഗ്സില്‍നിന്നായിരുന്നു ഡിവില്യേഴ്സ് 7,000 കടന്നത്. 161-ാം ഇന്നിംഗ്സില്‍ കോഹ്ലി ഈ നേട്ടം പിന്നിട്ടു. 174 ഇന്നിംഗ്സില്‍നിന്ന് 7,000 കടന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ബ്രയാന്‍ ലാറ (183 ഇന്നിംഗ്സ്), ഹെയ്ന്‍സ് (187 ഇന്നിംഗ്സ്), ജാക് കാലിസ് (188 ഇന്നിംഗ്സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (189 ഇന്നിംഗ്സ്), ക്രിസ് ഗെയ്ല്‍ (189 ഇന്നിംഗ്സ്), എം.എസ്. ധോണി (189 ഇന്നിംഗ്സ്) എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed