നിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 17,000 പേര്‍


സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 17,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. താമസാനുമതി രേഖയായ ഇഖാമ നിയമം ലംഘിച്ചതിനും തൊഴില്‍ നിയമം ലംഘിച്ചതിനുമാണ് വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 2 മുതല്‍ 8 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ 10,059 പേരെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 4,176 പേരെയും തൊഴില്‍ നിയമം ലംഘിച്ച 2,546 പേരെയും അറസ്റ്റ് ചെയ്തു. അതിര്‍ത്തി സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 542 പേരും അറസ്റ്റിലായി. ഇതില്‍ 43 ശതമാനം യെമന്‍ പൗരന്‍മാരും 55 ശതമാനം എത്യോപ്യക്കാരുമാണ്. വിവിധ രജ്യക്കാരായ 2 ശതമാനം ആളുകളും നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍ ഉള്‍പ്പെടും.

നിയമ ലംഘകര്‍ക്ക് തൊഴില്‍, യാത്ര, താമസം, അഭയം എന്നിവ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. മക്ക, റിയാദ് പ്രവിശ്യകളിലെ നിയമ ലംഘകരെ സംബന്ധിച്ച വിവരം 911 ടോള്‍ ഫ്രീ നമ്പരിലും മറ്റ് പ്രവിശ്യകളിലെ വിവരങ്ങള്‍ 999 അല്ലെങ്കില്‍ 996ലും എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

article-image

a

You might also like

Most Viewed