സൗദി ഉംറ വിസ സ്റ്റാന്പിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു

റിയാദ്: വിദേശങ്ങളിൽനിന്നുള്ള ഉംറ വിസ സ്റ്റാന്പിംഗ് ഫീസ് സൗദി ഹജ്, ഉംറ മന്ത്രാലയം കുത്തനെ വർദ്ധിപ്പിച്ചു. 50 റിയാലിൽ നിന്നും ഫീസ് 300 റിയാലായാണ് കൂട്ടിയത്.
നാട്ടിൽ നിന്നും ഉംറക്കെത്തുന്നവർക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുവരെ ഇന്ത്യയിൽ നിന്ന് ഉംറ വിസ സ്റ്റാന്പ് ചെയ്യുന്നതിന് പാസ്പോർട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു ഫീസ്. വർദ്ധിപ്പിച്ച സ്റ്റാന്പിംഗ് ഫീസിനൊപ്പം ബാബുൽ ഉംറ, ഉംറ കന്പനികൾ എന്നിവയുടെ സേവന ചാർജ് കൂടിയാകുന്പോൾ 500 റിയാലാകും ഫീ. ഈ വർഷം മുതൽ ഉംറ സർവീസ് സന്പൂർണ ഓൺലൈൻവൽക്കരണം നടക്കുന്നതിനാൽ സൗദിയിലെ താമസ, യാത്ര ചിലവുകൾ ഉംറ കന്പനികൾ നേരത്തെ ഓൺലൈൻ വഴി അടയ്ക്കണമെന്നാണ് നിർദ്‍ദേശം.
ഫോർ സ്റ്റാർ ഹോട്ടലുകളാണ് താമസത്തിന് തിരഞ്ഞെടുക്കേണ്ടത്. ഇതും ചിലവ് വർദ്‍ധിപ്പിക്കും. പുതിയ സാഹചര്യത്തിൽ വിമാന ടിക്കറ്റ് അടക്കം എഴുപതിനായിരത്തോളം രൂപയും റമദാൻ സീസണിൽ ഒരു ലക്ഷത്തിലധികവും ഇന്ത്യൻ തീർത്‍ഥാടകർക്ക് ഉംറക്ക് ചിലവ് വരും. അതേ സമയം ആവർത്തിച്ച് ഉംറ നിർവ്വഹിക്കാനെത്തുന്നവർക്ക് ഏർപ്പെടുത്തിയ 2000 റിയാൽ അധിക ഫീസ് മന്ത്രാലയം പിൻവലിച്ചു.