ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നവരിൽ ഭൂരിപക്ഷവും കാലാവധി നോക്കുന്നില്ലെന്ന് റിപ്പോർട്ട്

റിയാദ് : രാജ്യത്ത് അധിക ഉപയോക്താക്കളും ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ യോഗ്യമായ കാലാവധി നോക്കുന്നില്ലെന്ന് പഠനം. ജിദ്ദ, റിയാദ്, ദമാം, തബൂക്ക്, മദീന, ഹായിൽ, അബഹ എന്നീ ഏഴ് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പഠനം നടത്തിയതിന് ശേഷം ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അതോറിറ്റിക്ക് കീഴിലെ റിസർച്ച് ആന്റ് സ്റ്റഡി സെന്റർ 12,424 ആളുകളെ പഠനവിധേയമാക്കിയപ്പോൾ ബഹുഭൂരിപക്ഷവും ഉപയോഗ കാലാവധിയോ ദിവസ ക്വാട്ടയോ പരിഗണിക്കുന്നില്ലെന്ന് വ്യക്തമായി. ഭക്ഷ്യവസ്തുക്കൾ വാങ്ങുന്പോൾ 12 ശതമാനം ഉപയോക്താക്കൾ ഗുണമേന്മയും 21 ശതമാനം പേർ ഉൽപ്പാദന തീയതിയും 28 ശതമാനം പേർ കാലാവധി തീരുന്ന തിയതിയും പരിഗണിക്കാറുണ്ടെന്ന് അതോറിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 6.2 ശതമാനം പേർ ഏതു രാജ്യത്തെ ഉൽപ്പന്നമാണെന്ന കാര്യം നോക്കുന്നുണ്ട്. എന്നാൽ 2.9 ശതമാനം ഉപയോക്താക്കൾ മാത്രമാണ് എത്ര കണ്ട് ഉപയോഗിക്കാൻ സാധിക്കുമെന്ന് പരിശോധിക്കുന്നത്. അലർജിക്ക് കാരണമായ ഏതെങ്കിലും ഘടകങ്ങൾ ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിട്ടുണ്ടോയെന്ന് 2.3 ശതമാനം മുൻകരുതൽ എടുക്കുന്നുണ്ട്.
അതേസമയം, 55 ശതമാനം ഉപയോക്താക്കളും ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തിയ വിവരണങ്ങൾ ഒന്നും ശ്രദ്ധിക്കാത്തവരാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. 59 ശതമാനം പേർ ഉൽപ്പന്നങ്ങളുടെ പുറത്ത് രേഖപ്പെടുത്തിയ കാര്യങ്ങൾ അതേപടി വിശ്വസിക്കുന്നവരാണ്. 49.6 ശതമാനം ഉപയോക്താക്കൾ ഉൽപ്പാദകർ ടി.വിയിലൂടെയും റേഡിയോയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങളിൽ വിശ്വസിക്കുന്നു.
56 ശതമാനം ഉപയോക്താക്കൾക്ക് രേഖപ്പെടുത്തിയ വിവരണങ്ങളുടെ അർഥം അറിയാത്തതിനാൽ ഉപയോഗിക്കാവുന്ന പരിധി മനസ്സിലാകത്തവരാണ്. 62 ശതമാനം പേർക്ക് കാർബോ ഹൈഡ്രേറ്റിനെ കുറിച്ചും 45 ശതമാനം പേർക്ക് പ്രോട്ടീനുകളെ സംബന്ധിച്ചും വ്യക്തതയില്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കുന്നു.