സ്വകാര്യ ബസ്സുകളിൽ കൊച്ചി വൺ കാർഡ്

കൊച്ചി: മെട്രോയുടെ കൊച്ചി വൺ കാർഡ് പത്ത് ദിവസത്തിനുള്ളിൽ സ്വകാര്യ ബസ്സുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങും. ആദ്യഘട്ടത്തിൽ നഗരത്തിൽ സർവ്വീസ് നടത്തുന്ന ഏഴ് സ്വകാര്യ ബസ് കന്പനികളുടെ ഓരോ ബസുകളിലാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നത്.
കഴിഞ്ഞ മേയിലാണ് കൊച്ചി വൺ കാർഡ് ഉപയോഗിച്ച് സ്വകാര്യബസുകളിൽ യാത്ര ചെയ്യാനാകുന്ന പദ്ധതി കരാറിൽ ആക്സിസ് ബാങ്കും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സർവീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. എ.ടി.എം കാർഡ് മാതൃകയിൽ സൈ്വപ് ചെയ്ത് ബസ് യാത്ര നടത്താനാകുന്ന സംവിധാനമാണിത്. പദ്ധതി വിജയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ബസുകളിൽ പുതിയ സൗകര്യം ഏർപ്പെടുത്താനാണു തീരുമാനം. നവംബറോടെ എല്ലാ ബസുകളിലും കാർഡ് ഉപയോഗിക്കാനാകും. കണ്ടക്ടറുടെ കൈയിലുള്ള ടിക്കറ്റ് മെഷീനിൽ കൊച്ചി വൺ കാർഡ് സൈ്വപ് ചെയ്യുന്പോയൾ ടിക്കറ്റ് ലഭിക്കും.ഇതിനുള്ള ഏഴ് പുതിയ യന്ത്രങ്ങൾ ആക്സിസ് ബാങ്കാണ് നൽകുന്നത്. സോഫ്റ്റ്്വെയറും യന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ അടക്കമുള്ള സാങ്കേതിക മേൽനോട്ടവും ടെക്നോവിയോ എന്ന കന്പനിക്കാണ്. ബസുകൾക്ക് ഒരു ദിവസം ലഭിക്കുന്ന മൊത്തവരുമാനത്തിന്റെ 1.25 ശതമാനവും ജി.എസ്.ടിയുമാണു സർവ്വീസ് ചാർജായി നൽകേണ്ടത്.
കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോ-ഓപറേറ്റീവ് സൊസൈറ്റി, പെർഫെക്ട്, കൊച്ചി വീൽസ് യുണൈറ്റഡ് എൽ.എൽ.പി, മൈ മെട്രോ, മുസിരിസ് എൽ.എൽ.പി, പ്രതീക്ഷ, ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് എന്നീ ഏഴ് കന്പനികളുടെ കീഴിലുള്ള ബസ്സുകളിലാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നത്.
മെട്രോയുമായി ബന്ധപ്പെടുത്തി നഗരത്തിലും പരിസരത്തും സർവ്വീസ് നടത്തുന്ന ബസ്സുകളിൽ ജി.പി.എസ്. ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരത്തിലെ എഴുനൂറോളം ബസുകളിൽ ജി.പി.എസ്. ഘടിപ്പിച്ചു കഴിഞ്ഞു. ബസ്സുകളുടെയും ബോട്ടുകളുടെയും സമയവും മറ്റ് വിവരങ്ങളും ലഭിക്കുന്ന മൊബൈൽ യാത്രാപ്ലാനർ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബസ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ചലോ വഴിയാണ് വിവരങ്ങൾ ലഭിക്കുന്നത്.