ഹുദൈദ തുറമുഖത്തിന്റെ പുനർ നിർമ്മാണം ; യു.എ.ഇ - സൗദി സംയുക്ത പദ്ധതി

റിയാദ് : യെമനിലെ ഹുദൈദ തുറമുഖവും തകർന്ന മേഖലയും പുനർ നിർമ്മിക്കാൻ-യു.എ.ഇയും സൗദിയും സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. തകർന്ന് തരിപ്പണമാണ് യെമന്റെ ഭൂരിഭാഗം പ്രദേശവും. ഇതിൽ ഏറ്റവും മോശം അവസ്ഥയിലുള്ളത് ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദയിലും സന്ആയിലുമാണ്. വ്യോമാക്രമണത്തിലാണ് ഈ മേഖലകൾ തകർന്നത്.
ഇതിൽ മോചനത്തിന്റെ വക്കിലുള്ള ഹുദൈദയെ പുനർ നിർമ്മിക്കാനാണ് പദ്ധതി. സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നും പുതിയ വ്യോമ നാവിക മാർഗങ്ങളും പദ്ധതിയിലൂടെ നിർമ്മിക്കും. യുദ്ധാനന്തരം പദ്ധതി തുടങ്ങാനാണ് നീക്കം. സൗദി തലസ്ഥാനമായ റിയാദിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ യു.എ.ഇ സൗദി പ്രതിനിധികളാണ് പ്രഖ്യാപനം നടത്തിയത്.
ഏറ്റവും മോശമായ അവസ്ഥയിലാണ് യെമനിലെ ആരോഗ്യ രംഗം. ഭക്ഷ്യ വസ്തുക്കൾ മതിയായ വിധം എത്തുന്നുമില്ല. ഇത് മുന്നിൽ വെച്ചുള്ള പദ്ധതിയുമുണ്ട്. ഇത് വരെ യെമനിൽ നടത്തിയ പദ്ധതികളും യെമൻ സൈന്യത്തെ പിന്തുണക്കുന്ന സഖ്യസേനയിലെ പ്രമുഖ വിഭാഗങ്ങൾ വിശദീകരിച്ചു.