മദീനയിൽ വാഹനാപകടം : രണ്ട് മലയാളികൾ മരിച്ചു

മദീന : ദമാമിൽ നിന്ന് ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി കുടുംബം മദീനക്ക് സമീപം വാഹനാപകടത്തിൽപെട്ട് രണ്ട് പെൺകുട്ടികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തൃശ്ശൂർ വാടാനപള്ളി സ്വദേശി അഞ്ചങ്ങാടി ഷാഹുൽ ഹമീദും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഷാഹുൽ ഹമീദിന്റെ മക്കളായ ഫാത്തിമ നസ്റിൻ (21), ആയിഷ (14) എന്നിവരാണ് മരിച്ചത്. ഷാഹുൽ ഹമീദ്, ഭാര്യ സൽമ, മകൻ ഹാറൂൺ എന്നിവരെ നിസ്സാര പരിക്കുകളോടെ മദീന കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദീന ഹൈവേയിൽ ഇന്നലെ പുലർച്ചെയാണ് അപകടം. ദമാമിൽ ബൂഫിയ നടത്തുകയാണ് ഹമീദ്. ഉംറ നിർവഹിക്കാൻ വ്യാഴാഴ്ച പുറപ്പെട്ടതായിരുന്നു. മക്കയിലെത്തി ഉംറ നിർവ്വഹിച്ച ശേഷം മദീനയിലേക്ക് വരവേ, നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫറിൽ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
ദമാമിൽ ഏറെ വർഷങ്ങളായി ബൂഫിയനടത്തുകയാണ് ഷാഹുൽ ഹമീദ്. ദമാം ഇന്റർനാഷണൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ് മരിച്ച ഫാത്തിമയും ആയിഷയും. സ്ഥിരമായി നാട്ടിലേക്ക് മടങ്ങാനി രിക്കുകയായിരുന്നു. മരണാനന്തര കർമ്മങ്ങൾക്ക് സഹായങ്ങളുമായി മദീനയിലെ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.