വാണിജ്യ-വ്യാപാര മേഖലയ്ക്ക് വൻ ഇളവുകളുമായി ദുബൈ സാന്പത്തിക വികസന വകുപ്പ്

ദുബൈ : ദുബൈയിൽ വാണിജ്യ-വ്യാപാരമേഖലയ്ക്കു കൂടുതൽ ആശ്വാസകരമായ നടപടികളുമായി സാന്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി). വാണിജ്യ- വ്യവസായങ്ങൾക്കുള്ള ഫീസും പിഴയും തവണകളായി അടയ്ക്കാനും ലൈസൻസ് ഒരു വർഷത്തേക്കു മരവിപ്പിച്ചു പ്രശ്നങ്ങൾ പരിഹരിക്കാനും സാവകാശം നൽകും. കേസുകൾ ഒത്തുതീർപ്പാക്കാനും സാന്പത്തിക ബാധ്യതകൾ ഒഴിവാക്കാനും സഹായകമായ നിക്ഷേപ സൗഹൃദ പാക്കേജ് ആണു പ്രഖ്യാപിച്ചത്. വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കു ഡി.ഇ.ഡി കേന്ദ്രങ്ങളിൽനിന്നു സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ഡി.ഇ.ഡി സൈറ്റിൽ നിന്നു ലഭ്യമാണ്. സൈറ്റ്: www.dubaided.gov.ae. വാണിജ്യ-വ്യാപാരമേഖലയ്ക്ക് ആശ്വാസകരമായ സുപ്രധാന നടപടിയാണിത്. ദുബൈയിയുടെ സാന്പത്തിക മുന്നേറ്റത്തിന് ഉത്തേജനം പകരാൻ ഇതു സഹായകമാകും.
കന്പനികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പിഴ അടുത്തിടെ ഡി.ഇ.ഡി ഒഴിവാക്കിക്കൊടുത്തിരുന്നു. ലൈസൻസ് പുതുക്കാൻ ഈ വർഷാവസാനം വരെ സാവകാശം നൽകുകയും ചെയ്തു. ഈ വർഷം ഏപ്രിൽ 14 വരെയുള്ള പിഴയാണ് ഒഴിവാക്കിയത്. അതിനുശേഷമുള്ളത് പുതിയ സംവിധാനമനുസരിച്ചു തവണകളായി അടയ്ക്കാം. നിയമലംഘനത്തിന് ആദ്യമായി ലഭിച്ച പിഴയിൽ 50% ഇളവു ലഭിക്കും. ലൈസൻസ് ഫീസും പിഴയും 12 മാസം കൊണ്ടു തവണകളായി അടച്ചാൽ മതിയാകും. പ്രാദേശിക ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണു പദ്ധതികൾ നടപ്പാക്കുക. വാണിജ്യ-വ്യാപാര മേഖലകളിൽ ദുബൈയിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികൾക്കാണു തുടക്കം കുറിച്ചതെന്ന് ഡി.ഇ.ഡി ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അൽ ഷേഹി പറഞ്ഞു.കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും നിലവിലുള്ള പദ്ധതികൾക്കു കൂടുതൽ ഊർജമേകാനും ഇതു സഹായകമാകും. എല്ലാ വെല്ലുവിളികൾക്കും പരിഹാരം കാണാൻ കന്പനികളെ ഇതു പ്രാപ്തമാക്കും. ഒരുവർഷത്തിലേറെയായി അടയ്ക്കാത്ത ഫീസും പിഴയും ഫീസും തവണകളായി അടയ്ക്കാൻ കഴിയുന്നത് കന്പനികൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഒഴിവാക്കും. ലൈസൻസ് മരവിപ്പിക്കാനുള്ള സൗകര്യം ബാധ്യതകൾ പെരുകുന്ന സാഹചര്യം ഇല്ലാതാക്കും. ലൈസൻസ് നഷ്ടപ്പെടുകയുമില്ല.
ദുബൈയിലെ കന്പനികളിൽ 95 ശതമാനവും ചെറുകിട-ഇടത്തരം കന്പനികളാണ്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ നാൽപതു ശതമാനവും ചെറുകിട-ഇടത്തരം കന്പനികളാണു സംഭാവന ചെയ്യുന്നത്. എമിറേറ്റിലെ മൊത്തം ജീവനക്കാരിൽ 42 ശതമാനവും ജോലി ചെയ്യുന്നതും ഈ കന്പനികളിലാണ്.