സൗദിയിൽ ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ മാറ്റങ്ങൾ
ജിദ്ദ : ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിയതായി സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അധികൃതർ അറിയിച്ചു. പരിശീലന കാലം വിജയകരമായി പൂർത്തിയാക്കിയില്ലെങ്കിൽ സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ ഇനി മുതൽ തിരിച്ചയക്കും. മറ്റു തൊഴിലാളികളെ പോലെ ഗാർഹിക തൊഴിലാളികളും വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
പ്രൊബേഷൻ കാലാവധിവിജയകരമായി പൂർത്തിയാക്കാത്തഗാർഹിക തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നത് നിർബന്ധമാക്കുന്നു. ജോലിചെയ്യുന്നതിന് വിസമ്മതിക്കുന്നവരെയും ആരോഗ്യ വ്യവസ്ഥകൾ പൂർണമല്ലാത്തവരെയും റിക്രൂട്ട് കന്പനികൾ സ്വന്തം ചിലവിൽ സ്വദേശങ്ങളിലേക്കു തിരിച്ചയ ക്ക ണമെന്നാണ് വ്യവസ്ഥ.
പകരം അതേ വേതനത്തിൽ വേറെ തൊഴിലാളികളെ സ്വന്തം ചിലവിൽ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾ തൊഴിലുടമകൾക്ക് എത്തിക്കുകയും വേണം.മാത്രമല്ല ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് കരാറിൽ അനുശാസിക്കുന്ന നിശ്ചിത സമയത്തിനകംതന്നെ ബദൽ തൊഴിലാളികളെ എത്തിക്കണം.
മറ്റു തൊഴിലാളികളെപോലെ ഗാർഹിക തൊഴിലാളികൾക്കും വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനായി ഗാർഹിക തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യുന്നതിനുള്ള പ്രീ പെയ്‌ഡ് കാർഡുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കും മന്ത്രാലയം തുടക്കം കുറിച്ചു. പ്രീ പെയ്‌ഡ് കാർഡുകൾ വഴി ശന്പളം ഗാർഹിക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്ന പദ്ധതിയാണിത്.

