റിയാദ് ലക്ഷ്യമാക്കിയുള്ള ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ സൗദി തകർത്തു

റിയാദ് : യെമനിലെ ഹൂതി വിമതർ റിയാദിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ലക്ഷ്യസ്ഥാനത്തിനു മുന്പായി സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. വടക്കൻ റിയാദിൽ സ്ഥിതി ചെയ്യുന്ന കിംങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ഹൂതി കലാപകാരികളുടെ മിസൈൽ ആക്രമണം. ആകാശത്തു വച്ച് തന്നെ മിസൈൽ നിർവീര്യമാക്കി വീഴ്ത്തി. റിയാദ് നഗരത്തിന്റെ വടക്കു കിഴക്ക് ഭാഗത്തായാണ് ഹൂതി മിസൈൽ തകർന്നു വീണത്.
അമേരിക്കൻ രൂപകൽപിത മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ആണ് ഹൂതി മിസൈലിനെ തകർത്തത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് എട്ടുമണിയ്ക്ക് ശേഷമാണ് സംഭവമെന്നു യെമനിൽ യുദ്ധം ചെയ്യുന്ന അറബ് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് തുർക്കി അൽമാലികി അറിയിച്ചു. റിയാദിലെ ജനവാസ പ്രദേശങ്ങൾ ലക്ഷ്യമാക്കിയാണ് ഹൂതികൾ മിസൈൽ അയച്ചതെന്ന് അൽമാലികി തുടർന്നു.
കിംങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ കിഴക്കായി ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈൽ തകർന്നു വീണതെന്നും ഇതിനാൽ ജീവഹാനിയോ മാറ്റപകടങ്ങളോ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ സുരക്ഷ തകിടം മറിക്കാനായി ഒരു രാഷ്ട്രം നടത്തുന്ന സായുധ ഇടപെടലുകളാണ് ഇത്തരം ആക്രമണങ്ങൾക്ക് വളം വെയ്ക്കുന്നതെന്നും ജനവാസമുള്ള പ്രദേശങ്ങളെ ലക്ഷ്യമാക്കിയുള്ള ഇത്തരം ഹൂതി നീക്കങ്ങൾ യു.എൻ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഔദ്യോഗിക വാക്താവ് ചൂണ്ടികാണിച്ചു.
സംഭവത്തിൽ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് സൗദി വാർത്താചാനലായ അൽ ഇഖ്ബാരിയ്യ റിപ്പോർട്ട്ചെയ്തു. റിയാദ് വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളെല്ലാം മുനിശ്ചിത സമയക്രമം പാലിക്കുന്നതായി സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിലും റിയാദ് ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ തൊടുത്തു വിട്ടിരുന്നെങ്കിലും ഇരുനൂറു കിലോമീറ്റർ അകലെവെച്ചു സൗദി പ്രതിരോധ സംവിധാനം ഹൂതി ആക്രമണം തകർത്തിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തിന് ഒരു ദിവസം മുന്പായിരുന്നു അത്.
നിയമാനുസൃതമുള്ള സർക്കാരിനെ ഇറാന്റെ പിന്തുണയോടെ ഷിയാ അനുകൂല സായുധ ഹൂതി കലാപകാരികൾ വീഴ്ത്തിയതാണ് യുദ്ധത്തിന് വഴി വെച്ചത്. നിയമാനുസൃത സർക്കാരിനെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബ് സഖ്യസേനയ്ക്ക് യെമനിൽ സായുധമായി ഇടപെടേണ്ടി വന്നത്.