വിദേശികളുടെ റിക്രൂട്ട്മെന്റ് വിലക്ക് ജനുവരി ഒന്നു മുതൽ പ്രാബല്ല്യത്തിൽ

കുവൈത്ത് സിറ്റി : മുപ്പതുവയസ്സു പൂർത്തിയാകാത്ത, ഡിപ്ലോമയോ അതിനു മുകളിൽ ബിരുദമോ ഉള്ള വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള വിലക്ക് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. വിദേശത്തുനിന്നു യോഗ്യരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ മാൻപവർ അതോറിറ്റിയാണു പ്രായപരിധി നിശ്ചയിച്ചത്. അതു സംബന്ധിച്ച് അതോറിറ്റി കഴിഞ്ഞ ദിവസം വകുപ്പുതല ഉത്തരവു പുറത്തിറക്കി.
വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുമായി വരുന്ന തൊഴിലന്വേഷകരെ നിയന്ത്രിക്കാനാണു പുതിയ ഉത്തരവ്. പഠനത്തിനുശേഷം മതിയായ തൊഴിൽ പരിശീലനം അവരവരുടെ നാട്ടിൽനിന്നു ലഭിച്ചവരെമാത്രം റിക്രൂട്ട് ചെയ്താൽ മതിയെന്നാണു തീരുമാനം. അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണംകുറച്ചു തൊഴിൽ വിപണിയിൽ വ്യാപകമായ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യവുമുണ്ട്.