അഴിമതിയാരോപണം : സൗദി അറേബ്യയിൽ രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യൻ ഭരണ നേതൃത്വത്തിൽ അഴിമതിയാരോപണത്തെ തുടർന്ന് 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിൽ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അൽ −അറേബ്യ ടെലിവിഷൻ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്്തത്. എന്നാൽ അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
2009ലെ ജിദ്ദാ വെള്ളപ്പൊക്കം, കൊറോണ വൈറസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേസന്വേഷണം പുനരാരംഭിക്കാനും അഴിമതി വിരുദ്ധ സമിതി ഉത്തരവിട്ടു. അഴിമതി കേസുകളിൽ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാന്പത്തിക ഇടപാടുകളും മരവിപ്പിക്കൽ, അഴിമതിക്കേസുകളിൽ ഉൾപ്പെടുന്നവരുടെ ഫണ്ടുകൾ സ്വത്തുക്കൾ എന്നിവ കണ്ടെത്തൽ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ സമിതിക്കുള്ളത്.
അതേസമയം മറ്റൊരു വിജ്ഞാപനത്തിൽ സൗദി നാഷണൽ ഗാർഡ്സ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഖാലിദ് ഇയാഫ് അൽ മുഖ്‌രിൻ രാജകുമാരനാണ് നാഷണൽ ഗാർഡ്സിന്റെ ചുമതലയുള്ള പുതിയ മന്ത്രി.