മലയാളി യുവതിക്ക് സൗദിയിൽ വീട്ടുതടങ്കലിൽ ക്രൂരപീഡനം

റിയാദ് : മലയാളി യുവതിക്ക് സൗദിയിൽ വീട്ടുതടങ്കലിൽ ക്രൂരപീഡനമെന്ന് പരാതി. കട്ടപ്പന സ്വദേശി മാത്യു വർഗ്ഗീസിന്റെ ഭാര്യ ജെസ്സി മാത്യുവാണ് റിയാദിൽ കുടുങ്ങിയിരിക്കുന്നത്. മലയാളികളുടെ വീട്ടിൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാനെന്ന് പറഞ്ഞാണ് ഒരു വർഷം മുന്‍പ് കട്ടപ്പയിലെ ഒരു വനിതാ ട്രാവൽ ഏജന്റ് വഴി ജെസ്സിയെ സൗദിക്ക് കൊണ്ടു പോകുന്നത്. അവിടെയെത്തിയപ്പോൾ, ഒരു സൗദി സ്വദേശിയുടെ വീട്ടിലാണ് ജോലിക്ക് കയറ്റിയത്.
ആദ്യത്തെ രണ്ട് മാസം നാട്ടിലേക്ക് ഫോൺ ചെയ്യാൻ സമ്മതിച്ചിരുന്നു. പിന്നീടത് ഇല്ലാതായി. ഇടക്ക് വിളിക്കാൻ അവസരം ലഭിച്ചപ്പോഴാണ് തന്റെ ദുരവസ്ഥ ജെസ്സി നാട്ടിലറിയിച്ചത്. ക്രൂരമർദ്ദനത്തിനൊപ്പം ശന്പളവും കൃത്യമായി കിട്ടുന്നില്ലെന്ന വിവരം അറിയിച്ചു.
തുടർന്ന് ഇടുക്കി എം.പി മുഖേന കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ വിവരം അറിയിച്ചു. കളക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകി. ജെസ്സിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. ഇടനിലക്കാർ സൗദി സ്വദേശിയിൽ നിന്ന് വാങ്ങിയ പണം നൽകിയാലെ ജെസ്സിയെ വിട്ടു നൽകു എന്നാണ് നാട്ടിൽ ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും മാത്യുവിനുണ്ട്.