ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഷാർജ : ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. മലയാളം, അറബിക്, ഇംഗ്ലിഷ് എന്നീ മുന്ന് ഭാഷകളിലാണ് ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ പുറത്തിറങ്ങിയിരിക്കുന്നത്.
മലയാളത്തിൽ ചിത്രകഥാരൂപത്തിലുള്ള പുസ്തകമായ ‘സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ’ ഡോ. പി.എ. ഇബ്രാഹിം ഹാജിക്കു നൽകി ഡോ. എം.കെ. മുനീർ പ്രകാശനം ചെയ്തു. ഇ. സാദിഖലിയാണ് ഇതെഴുതിയത്. മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളേജിലെ വകുപ്പുതലവൻ രഞ്ജിത്താണ് ആശയ സംയോജനം.
‘സ്‌ലോഗൻസ് ഓഫ് ദ് സേജ്’ എന്നു പേരിട്ട ഇംഗ്ലീഷ് പുസ്തകം ഇസ്മായിൽ അൽ റൈഫിക്കു നൽകി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. സാഹിത്യകാരനായ മുജീബ് ജയ്ഹൂൺ ആണ് രചയിതാവ്.
അറബിക്കിലുള്ള ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന പുസ്തകം റാഷിദ് അസ്ലമിന് നൽകി ഷാർജ ഇസ്ലാമിക് അതോറിറ്റി മേധാവി ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം ചെയ്തു. ബഹുഭാഷാ പണ്ധിതൻ കെ.എം. അലാവുദ്ദീൻ ഹുദവിയാണ് പുസ്തകം എഴുതിയത്.
മുസ്ലീംലീഗ് നേതാക്കളായ സി.പി. ബാവ ഹാജി, എം.എ. യൂനുസ് കുഞ്ഞ്, യു.എ.ഇ കെഎം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ പങ്കെടുത്തു.