സൗദിയിൽ നിന്ന് നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിൽ വൻകുറവ്

റിയാദ് : വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയച്ച പണത്തിൽ വൻകുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിറ്ററി ഏജൻസി റിപ്പോർട്ട് ചെയ്തു. 2016 സെപ്തംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം സെപ്തംബറിൽ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.ആഗസ്ത് മാസത്തേക്കാൾ നാല് ബില്യൺ റിയാലിന്റെ കുറവാണ് സെപ്തബറിൽ ഉണ്ടായത്. എഴുപത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ട്രാൻസ്‌ഫറാണ് കഴിഞ്ഞ മാസം നടന്നത്.
ഈ മാസം 8.55 ബില്യൺ റിയാലാണ് വിദേശ തൊഴിലാളികൾ നാട്ടിലേക്കയച്ചത്. ഈ വർഷം ആഗസ്തിൽ 12.55 ബില്യൺ റിയാലാണ് വിദേശികൾ അയച്ചത്. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ വിലയിരുത്തുന്പോൾ റെമിറ്റൻസിൽ 32 ശതമാനം കുറവാണുളളത്. ഇതനുസരിച്ച് അഞ്ച് വർഷവും പത്ത് മാസവും പിന്നിട്ടതിന് ശേഷം ഏറ്റവും കുറഞ്ഞ വിദേശ ട്രാൻസ്‌ഫർ നിരക്കാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ആഗസ്തിൽ 12.55 ബില്യൺ റിയാൽ രേഖപ്പെടുത്തിയപ്പോൾ തൊട്ടടുത്ത മാസം അത് 8.55 ബില്യണായി കുറഞ്ഞു എന്ന് കണക്കാക്കുന്പോൾ രണ്ട് മാസത്തിനകം ഈ ഇനത്തിൽ വന്ന കുറവ് 32 ശതമാനമാണെന്നും സാന്പത്തിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ആശ്രിത ലെവി, റീ എൻട്രിഫീസ് വർദ്ധന, സ്വദേശിവൽക്കരണം, വിദേശികളുടെ ബിനാമിബിസിനസുകൾക്കെതിരെ ശക്തമായ നടപടി എന്നിവ വിദേശ തൊഴിലാളികൾ മാനാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ് വരുത്താൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.