സൗദിയിൽ ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്ല്യത്തിൽ

റിയാദ് : സൗദിയിൽ അനധികൃതമായി കഴിയുന്ന വിദേശികൾക്ക് പിഴയും ശിക്ഷയുമില്ലാതെ നാട്ടിലേക്കു മടങ്ങാൻ ഒരു മാസം കൂടി പൊതുമാപ്പ് ആനുകൂല്യം അനുവദിച്ചു. സെപ്തംബര്‍ 16 ശനിയാഴ്ച മുതൽ ഒരു മാസത്തേക്കാണ് അവസരം. ഈ വർഷം മാർച്ചിൽ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞമാസം അവസാനിച്ചിരുന്നു. നിയമവിധേയമായല്ലാതെകഴിയുന്ന ഇന്ത്യക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യൻ എംബസി അറി യിച്ചു.
നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരിൽ സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് 29−ന് സൗദിയിൽ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഒരുമാസംകൂടി ദീർഘിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഇതിന്റെ കാലാവധി അവസാനിച്ചത്. നിയമലംഘകർക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടാൻ അവസരം നൽകുന്നതിനാണ് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ കോൺസലർ അനിൽ നൗട്ടിയാൽ അറിയിച്ചു.
താമസാനുമതിരേഖയായ ഇഖാമ കാലാവധി കഴിഞ്ഞവർ, തീർത്ഥാടന വിസയിലെത്തി രാജ്യം വിടാത്തവർ, സന്ദർശനവിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് കഴിയുന്നവർ, തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളികൾ എന്നിവരെ ഇന്നു മുതൽ രാജ്യം വിടാൻ അനുവദിക്കും.
കഴിഞ്ഞ പൊതുമാപ്പിനുശേഷവും രാജ്യത്ത് നിയമലംഘകരായ വിദേശികൾ ഉണ്ടെന്ന് പാസ്പോർട്ട് വകുപ്പ് അറിയിച്ചിരുന്നു. വിരലടയാളം രേഖപ്പെടുത്താതെയും ഇഖാമ പുതുക്കാതെയും കഴിയുന്ന ആറു ലക്ഷം വിദേശികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഈ വർഷം മാർച്ച് 29 മുതൽ ജൂൺ 24വരെയായിരുന്നു സൗദിയിലെ പൊതുമാപ്പ്. എന്നാൽ അത് വീണ്ടും ഒരു മാസം കൂടി നീട്ടിയിരുന്നു. ആറു ലക്ഷത്തോളം വിദേശികൾ പൊതു മാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി. ഇതിൽ അരലക്ഷത്തോളം ഇന്ത്യക്കാരായിരുന്നു.