ഇന്ത്യൻ തീർത്‍ഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കി ഹജ്ജ് മിഷൻ

ജിദ്ദ : ഇന്ത്യൻ തീർത്‍ഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കി ഹജ്ജ് മിഷൻ. തീർത്‍ഥാടകർ കൂടുതൽ സമയം യാത്ര ചെയ്യേണ്ട മദീന, മക്ക റൂട്ടിൽ മികച്ച ബസ്സുകളാണ് ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്. ബസ്സുകളുടെ കാലപ്പഴക്കം കാരണം കഴിഞ്ഞ വർഷം തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. എ.സി പ്രവർത്തിക്കാത്തത് കാരണവും മറ്റും പലപ്പോഴും ബസ്സുകൾ വഴിയിൽ നിർത്തിയിടേണ്ടി വന്നു. കനത്ത ചൂട് കാരണം തീർത്‍ഥാടകർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിച്ചു. ഇത്തവണ ഈ പരാതികൾ പരിഹരിക്കാനാണ് ഹജ്ജ് മിഷനന്റെ ശ്രമം.
ഇന്ത്യൻ ഹാജിമാരുടെ മദീന, മക്ക യാത്രയ്ക്ക് മൂന്ന് ട്രാൻസ്പോർട്ട് കന്പനികൾക്കാണ് ഹജ്ജ് മിഷൻ കരാർ നൽകിയത്. പൊതുമേഖല സ്ഥാപനമായ സ്പ്റ്റികോയും സ്വകാര്യ കന്പനികളായ അൽഖാഇദ്, അൽഖർത്താസ് എന്നീ കന്പനികളുടെ ഏറ്റവും പുതിയ മോഡൽ ബസ്സുകളാണ് സർവ്വീസ് നടത്തുക. മികച്ച സീറ്റുകളും നല്ല എയർകണ്ടീഷൻ സംവിധാനവുമുള്ള ബസ്സുകളാണ് ഇത്തവണ ഏർപ്പെടുത്തിയത്. നാനൂറ്റി അന്‍പതിലേറെ കിലോമീറ്റർ ദൂരമാണ് മക്കയ്ക്കും മദീനയ്ക്കും ഇടയിൽ തീർത്‍ഥാടകർക്ക് സഞ്ചരിക്കേണ്ടത്. ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയം ഇതിനെടുക്കും. പകൽ സമയങ്ങളിലാണ് ഹജ്ജ് മന്ത്രാലയം യാത്ര നിശ്ചയിച്ചത്. തീർത്‍ഥാടകരുടെ ലഗേജുകൾ ഡൈന മോഡൽ വണ്ടിയിൽ മദീനയിലെ റൂമുകളിൽ നിന്നും മക്കയിലെ താമസ സ്ഥലത്ത് എത്തിക്കുന്നുണ്ട്. ഹജ്ജ് മിഷൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം ഹാജിമാരുടെ യാത്രാ ക്ഷീണം ലഘൂകരിക്കാൻ പര്യാപ്തമാണ്.