കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്നു തെന്നിമാറി


കരിപ്പൂർ : കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നുരാവിലെ എട്ടിനായിരുന്നു അപകടം. ബെംഗളൂരുവിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 60 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

ലാൻഡിങ്ങിനായി റൺവേയിൽ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാർക്കു തിരിച്ചറിയാനായി റൺവേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അപകടത്തിൽ തകർന്നു. അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്നിശമനസേന രക്ഷാപ്രവർത്തനത്തിനു ഇറങ്ങുകയായിരുന്നു. അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്നു അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാർക്ക് ചെയ്യാനായി.

വിമാനത്താവള അധികൃതർ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തനിക്കൊന്നും മനസിലായില്ലെന്നാണു പൈലറ്റ് മൊഴി നൽകിയതെന്നാണ് അറിയുന്നത്. സാധാരണയായി മധ്യഭാഗത്തു ലാൻഡ് ചെയ്യേണ്ടതിനുപകരം ഈ വിമാനം ഇടതുവശത്താണ് ഇറങ്ങിയത്. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. വിമാനത്തിനു കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങിയെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed