സൗദിയിൽ രണ്ടാനമ്മ ആറു വയസ്സുകാരിയുടെ കഴുത്തറുത്തു

റിയാദ് : സൗദിയിൽ രണ്ടാനമ്മ ആറു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. റീം അൽ റാഷിദിയെയാണ് തന്റെ പിതാവിന്റെ രണ്ടാം ഭാര്യ കൊലപ്പെടുത്തിയത്. രാവിലെ അൽ അഹ്‌സയിലെ സ്‌കൂളിൽ പോയ കുട്ടിയെ രണ്ട് പിരിയഡുകൾക്ക് ശേഷം രണ്ടാനമ്മയായ സ്ത്രീ വിളിച്ചിറക്കി കൊണ്ട് വരികയായിരുന്നു. താൻ കുട്ടിയുടെ സ്വന്തം അമ്മയാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇവർ ചട്ട പ്രകാരം തങ്ങളുടെ ഫാമിലി ഐ.ഡി.കാർഡ് കാണിച്ചാണ് കുട്ടിയെ കൊണ്ടുപോകാൻ സ്‌കൂൾ അധികൃതരുടെ അനുമതി നേടിയത്.
തുടർന്ന് ആൾപ്പാർപ്പില്ലാത്ത പ്രദേശത്തേക്ക് കുട്ടിയുമായി പോകുകയും കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. ഈ കൃത്യം കണ്ടുകൊണ്ട് വന്ന ഒരാൾ സ്ത്രീയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് വീട്ടിലെത്തി പ്രതിയെ കയ്യോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.