ഹജ്ജ് യാത്ര സൈക്കിളിൽ; ബെൽജിയം യുവാവ് മൂന്ന് മാസത്തിന് ശേഷം സൗദിയിലെത്തി


അക്ബർ പൊന്നാനി

ജിദ്ദ: സൗദിയുടെ വടക്കൻ അതിർത്തിയിലെ ഹലത്ത് അമ്മാർ ചെക്ക്‌പോസ്റ്റിൽ ഇരുപത്തിയാറുകാരനായ അനസ് എത്തിച്ചേർന്നത് സൈക്കിളിൽ. ലക്ഷ്യം ജൂൺ ആദ്യവാരം നടക്കുന്ന വിശുദ്ധ ഹജ്ജ്. ബെൽജിയം സ്വദേശിയായ അനസ് സൈക്കിളിൽ നടത്തിയത് മൂന്ന് മാസം പിന്നിട്ട യാത്ര. ഒമ്പത് യൂറോപ്യൻ - അറബ് രാജ്യങ്ങളിലായി യുവാവ് പിന്നിട്ടത് ആയിരക്കണക്കിന് കിലോമീറ്ററുകളും. ഇക്കഴിഞ്ഞ ദിവസമാണ് ജോർദാനിലൂടെ സൗദിയിൽ അനസ് പ്രവേശിച്ചത്.

മൂന്ന് മാസത്തിലേറെയായി, അനസ് അൽറാസ്കി യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇടയിലെ വഴികൾ അളന്ന് തീർക്കുകയായിരുന്നു. ബെൽജിയത്ത് നിന്ന് തുടങ്ങിയ സൈക്കിൾ സവാരി ജർമ്മനി, ഓസ്ട്രിയ, ഇറ്റലി, ബോസ്നിയ, ഹെർസഗോവിന എന്നിവയിലൂടെ സഞ്ചരിച്ച് സൈക്കിൾ ഹാജി തുർക്കിയിൽ എത്തി. അവിടെ വെച്ച് ബോസ്ഫറസ് കടലിടുക്ക് കടന്ന് ഏഷ്യൻ തീരത്തേക്ക് തിരിച്ചു. തുടർന്ന് ജോർദാനിൽ എത്തി.

article-image

എവിടെയും ദയയുള്ള മുഖങ്ങളും തുറന്ന ഹൃദയങ്ങളുമാണ് തനിക്ക് അനുഭവിക്കാൻ കഴിഞ്ഞതെന്നും എല്ലായിടങ്ങളിലെയും സ്വീകരണം മനം കവരുന്നതായിരുന്നുവെന്നും അനസ് വിവരിച്ചു. "വഴികളിൽ അനുഭവപ്പെട്ട കാലാവസ്ഥാ മാറ്റം, ഇടയ്ക്കിടെ അനുഭവപ്പെടുന്ന ഏകാന്തത തുടങ്ങിയവയായിരുന്നു വെല്ലുവിളികൾ. എന്നാൽ, എപ്പോഴും എനിക്ക് ശക്തി നൽകിയത് വഴിയിൽ കണ്ടുമുട്ടിയവരുടെ ആത്മാർത്ഥമായ പ്രാർത്ഥനകളും ഊഷ്മളമായ പുഞ്ചിരികളുമായിരുന്നു": അനസ് തന്റെ യാത്രയുടെ വിശദാംശങ്ങൾ ആത്മാർത്ഥമായ പുഞ്ചിരിയോടെ വിവരിച്ചു.

article-image

ഹജ്ജിന്റെ ആതിഥേയ രാജ്യമായ സൗദി അറേബ്യയിൽ പ്രവേശിച്ചപ്പോൾ അനസിന് തന്റെ നിർവൃതി പറഞ്ഞറിയിക്കാൻ കഴിയാത്ത അളവിലെത്തി. തന്റെ വലിയ സ്വപ്ന സാക്ഷാൽക്കാരം അടുത്തെത്തിയ പ്രതീതി. "എനിക്ക് എളുപ്പത്തിൽ വിവരിക്കാൻ കഴിയാത്ത ഒരു നിമിഷമാണിത്. വർഷങ്ങളായി ഞാൻ കാത്തിരുന്ന ഒരു സ്വപ്നത്തിലേക്ക് അടുക്കുന്നത് പോലെ എനിക്ക് തോന്നി. ഇപ്പോൾ, എന്റെ ചിന്ത മുഴുവൻ പുണ്യ കഅബയോട് ഏറ്റവും അടുത്തുള്ള സ്ഥലത്ത് എത്തുന്നതിനെക്കുറിച്ചാണ്. ആ വിശുദ്ധ മന്ദിരം ആദ്യമായി കാണാൻ പോകുന്ന ധന്യ നിമിഷമാണ് എന്റെ മനസ് നിറയുന്നത്" പ്രത്യാശയുടെ സ്വരത്തിൽ അനസ് പറയുന്നു.

ഇത്രാ ഹോസ്പിറ്റാലിറ്റി ഹോൾഡിംഗിന്റെ അനുബന്ധ സ്ഥാപനമായ ഇത്രാ അൽഖൈർ ഉദ്യോഗസ്ഥർ ചേർന്ന് അനസിനെ എതിരേറ്റു. വലിയൊരു പ്രചോദനമാണ് അനസ് എന്ന് അവർ വിശേഷിപ്പിച്ചു.

article-image

aa

You might also like

Most Viewed