പ്രവാസി തൊഴിലാളികള്‍ക്കായി ഖത്തറിൽ 200 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി തുറന്നു

ദോഹ: പ്രവാസി തൊഴിലാളികള്‍ക്കായി വ്യവസായിക മേഖലയില്‍ 200 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി തുറന്നു. കോവിഡ്-19 രോഗബാധിതര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളത്. നാല് ആഴ്ചകള്‍ കൊണ്ട് നിര്‍മിച്ച ആശുപത്രിയില്‍ പ്രതിദിനം 2,000 മുതല്‍ 3,000 വരെയുള്ള രോഗികളെ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ 200ഓളം ജീവനക്കാരും ഇവിടെയുണ്ട്. ആംബുലന്‍സ് സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കേഷന്‍ റീഫില്‍ സംവിധാനം, ഔട്‌പേഷ്യന്റ് ക്ലിനിക്ക്, എമര്‍ജന്‍സി വകുപ്പ്, നിരീക്ഷണ യൂണിറ്റ് എന്നിവയെല്ലാം ആശുപത്രിയിലുണ്ടെന്ന് വ്യവസായിക മേഖല ആരോഗ്യ പരിചരണ വിഭാഗം മേധാവിയും ഹമദ് ഇന്റര്‍നാഷനല്‍ ട്രെയിനിങ് സെന്റര്‍ ഡയറക്ടറുമായ ഡോ.ഖാലിദ് അബ്ദുള്‍നൂര്‍ സെയ്ഫല്‍ദ്ദീന്‍ വിശദീകരിച്ചു. അതേസമയം ട്രോമ, തീവ്ര പരിചരണ യൂണിറ്റ് എന്നിവ ഇവിടെയില്ല. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
വ്യവസായിക മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നത്. കോവിഡ്-19 രോഗികള്‍ക്കും കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ നല്‍കും. പുരുഷന്മാരായ പ്രവാസി തൊഴിലാളികള്‍ക്കായാണ് ആശുപത്രിയെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര പരിചരണം ആവശ്യമായി വന്നാല്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ്-19 ബാധിതരെ ചികിത്സിക്കുന്നതിനായി പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. കോവിഡ് ബാധിതരെന്ന് സംശയിക്കപ്പെടുന്നവരെ പരിശോധനക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നത് വരെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനായി 80 കിടക്കകളോളം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് ഗുരുതരമാകുന്ന രോഗികളെ ഉടന്‍ തന്നെ പ്രധാന ആശുപത്രികളിലേക്ക് മാറ്റുമെന്ന് ഫീല്‍ഡ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ.റഹ്മ സലിം പറഞ്ഞു.