ഒമാനിൽ ജീവനക്കാരുടെ രോഗം മറച്ചു വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും

മസ്കത്ത്: കോവിഡ് ലക്ഷണങ്ങളുള്ള ജീവനക്കാരുടെ വിവരങ്ങൾ മറച്ചുവയ്ക്കുന്ന സ്വകാര്യ കമ്പനികൾക്കെതിരെ കർശന നടപടിയെന്ന് ഒമാൻ. കൂടുതൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ആലോചിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനകം തുറന്ന പല സ്ഥാപനങ്ങളിലും ജീവനക്കാരും ഇടപാടുകാരും മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി. രോഗവ്യാപനം തടയാൻ നിയമനടപടികളടക്കം സ്വീകരിക്കാനാണ് മാൻപവർ മന്ത്രാലയ തീരുമാനം. രാജ്യത്തെ കോവിഡ് ബാധിതരിൽ കൂടുതലും വിദേശികളാണ്.
സ്വകാര്യ കമ്പനികളിൽ ഒട്ടേറെ വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏതെങ്കിലും ജീവനക്കാരന് രോഗലക്ഷണം കണ്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ കോവിഡ് പരിശോധന നടത്തണം. ഇതിന്റെ ഉത്തരവാദിത്തം അതതു സ്ഥാപനങ്ങൾക്കാണ്. വസ്തുതകൾ മറച്ചുവയ്ക്കുന്നത് രോഗവ്യാപനത്തിനു കാരണമാകും. സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുകയും പരിശോധനകൾ ഊർജിതമാക്കുകയും ചെയ്യും. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
തൊഴിലാളിക്ക് രോഗ ലക്ഷണം കണ്ടാൽ താമസസ്ഥലത്ത് ക്വാറന്റീനിൽ കഴിയാൻ തൊഴിലുടമ സൗകര്യമൊരുക്കണം. വിവരങ്ങൾ യഥാസമയം ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണം. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഓഫിസുകളിൽ സന്ദർശകരെ അനുവദിക്കരുതെന്നും നിർദേശിച്ചു.
ജോലി സമയം കഴിഞ്ഞാൽ വിദേശ തൊഴിലാളികളെ താമസയിടങ്ങളിലേക്ക് അയയ്ക്കണം. അവിടെത്തന്നെയാണ് കഴിയുന്നതെന്ന് ഉറപ്പുവരുത്തണം. അവധിദിവസങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ കടകളിൽ പോകരുത്. പൊതുസ്ഥലങ്ങളിൽ കറങ്ങിനടക്കുകയുമരുത്.