ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണസാധനങ്ങൾക്ക് നിരോധനം

ദോഹ : സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുട്ടികളുടെ ആരോഗ്യത്തിനു കോട്ടം വരുത്തുന്ന ഭക്ഷണസാധനങ്ങള്‍ ഖത്തറിലെ സ്കൂള്‍ കാന്‍റീനുകളിൽ വിൽപന നടത്തുന്നത് നിരോധിച്ചു. നേരത്തെ ശീതളപാനീയങ്ങള്‍ വിലക്കിയിരുന്നു. ഇതിനു പുറമെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അംശം കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് ഇപ്പോൾ വിലക്കിയത്.
ചോക്ലേറ്റുകള്‍, ഉരുളക്കിഴങ്ങ് വറുത്തത്, നഗ്ഗെറ്റ്സ്, സംസ്കരിച്ച ഇറച്ചി എന്നിവയുൾപ്പെടെയുള്ള അറുപത് ഭക്ഷണ സാധനങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പകരം കുട്ടികളുടെ ആരോഗ്യത്തിന് ഉത്തമമായ പാലും പാല്‍ ഉല്‍പ്പന്നങ്ങളും സലാഡുകളുമൊക്കെ അധികമായി നൽകുകയും ചെയ്യും. ഗോതന്പില്‍ തയാറാക്കിയ സാന്‍ഡ് വിച്ചുകളും പാന്‍ കേക്കുകളും മാത്രമാണ് ഭക്ഷണസാധനങ്ങളായി അനുവദിച്ചിട്ടുള്ളത്. ആഴ്ചയില്‍ ഒരു ദിവസം മാത്രം ബിസ്കറ്റുകളും കേക്കുകളും വില്‍ക്കാം.
നഗരസഭയുടെയും പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും അംഗീകാരമുള്ള റസ്റ്റോറന്‍റുകളില്‍ നിന്നോ കാറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നോ ആയിരിക്കണം കാന്‍റീനുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കേണ്ടത്. സ്കൂള്‍ കാന്‍റീനുകളിൽ ഭക്ഷണം പാകം ചെയ്യരുത്.